ഷിരൂര്‍: ഗംഗാവലി പുഴയിൽ നാവികസേനയുടെ നേതൃത്വത്തിൽ, മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനായുള്ള ദൗത്യം ഇന്ന് പുനരാരംഭിക്കും. സോണാർ പരിശോധന അടക്കം നടത്താനാണ് നാവികസേനയുടെ തീരുമാനം. ഇന്നലെ കൂടുതൽ സ്ഥലങ്ങളിൽ നിന്ന് സിഗ്നൽ ലഭിച്ചിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചായിരിക്കും ഇന്ന് നടത്തുന്ന വിശദമായ പരിശോധന. സോണാർ ഉപയോഗിച്ച് ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തിയതിന് ശേഷം മാത്രമാകും ഡൈവർമാർ പുഴയിലേക്ക് ഇറങ്ങുക.
ഗംഗവലി പുഴയിലെ ശക്തമായ ഒഴുക്ക് കാരണമായിരുന്നു തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചത്. ഒഴുക്ക് കുറഞ്ഞാൽ പുഴയിൽ ഇറങ്ങി പരിശോധിക്കും എന്നായിരുന്നു ജില്ലാ ഭരണകൂടം തിരച്ചില്‍ നിർത്തിവെച്ച വേളയിൽ അറിയിച്ചത്. പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുണ്ട്. ഇപ്പോൾ നദിയിലെ ജലനിരപ്പ് താഴ്ന്നതിനൊപ്പം കുത്തൊഴുക്കിനും കുറവുണ്ടെന്ന് നാവികസേന നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ഇന്നലെ വൈകുന്നേരം ചേർന്ന യോഗത്തിൽ നാവികസേന ഉദ്യോഗസ്ഥർ, ഉത്തര കന്നട ജില്ലാ കലക്ടർ, എസ് പി എന്നിവർ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചും അർജുൻ ഉൾപ്പെടെയുള്ളവർക്കായി തിരൂരിലെ തിരച്ചിൽ ദൗത്യം കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി തുടരണമെന്ന് ഇടക്കാല ഉത്തരവിട്ടിരുന്നു.
കാലാവസ്ഥ അനുയോജ്യമല്ലാത്തതിനാലാണ് തിരച്ചിൽ താൽക്കാലികമായി നിർത്തിയതെന്ന് ഹൈക്കോടതിയെ അറിയിച്ച കർണാടക സർക്കാർ കാലാവസ്ഥ അനുകൂലമായാൽ തിരച്ചിൽ തുടങ്ങും എന്നും ഹൈക്കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു.നദിയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് തിരച്ചിൽ ദൗത്യം ഇന്ന് പുനരാരംഭിക്കുന്നത്.