പത്തനംതിട്ട : ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഹൈക്കോടതി നിർദ്ദേശ പ്രകാരം അടച്ചു പൂട്ടിയ ക്വാറി വീണ്ടും തുറക്കണം എന്ന് ആവശ്യപ്പെട്ട് സിഐടിയു ഉൾപ്പെട്ട സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ പ്രതിഷേധ യോഗമാണ് വിവാദമായത്. മുന്‍ എംഎൽഎ രാജു എബ്രഹാമിന്റെ നേതൃത്വത്തിലാണ് പ്രതിഷേധയോഗം സംഘടിപ്പിച്ചത്. ഇതിനെ തുടർന്ന് സിപിഎമ്മിൽ പൊട്ടിത്തെറി ഉണ്ടായി. ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ 46 ഓളം പേര്‍ സിപിഎമ്മിന് രാജിക്കത്ത് നൽകിയിരിക്കുകയാണ്.
ഉദ്ഘാടകനായി പങ്കെടുക്കരുതെന്ന് സിപിഎം പ്രാദേശിക ഘടകങ്ങൾ രാജു എബ്രഹാമിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് മറികടന്നാണ് രാജു എബ്രഹാം പ്രമാടം പഞ്ചായത്തില ഗ്രാനൈറ്റ്സ് എന്ന ക്വാറി വീണ്ടും തുറക്കണമെന്നും, ടിപ്പർ, ടോറസ് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തത്.
വയനാട്ടിൽ ഉരുൾപൊട്ടി, നിരവധി മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ ക്വാറി തുറക്കാനുള്ള നീക്കം എന്ത് വില കൊടുത്തും തടുക്കുമെന്ന് നാട്ടുകാർ പാർട്ടിയെ അറിയിച്ചതാണ്. ജനങ്ങളുടെ എതിർപ്പ് അവഗണിച്ച് മുന്നോട്ടു പോകാൻ ആവില്ല എന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി ബിബിയാൻസ് യോഗം സംഘാടകരെ അറിയിച്ചിരുന്നു. ക്വാറി തുറക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഗ്രാമരക്ഷാ സമിതിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേ സമയം പ്രതിഷേധ യോഗത്തിന് ഉദ്ഘാടകനായി പോയത് 200ലധികം ടിപ്പർ ടോറസ് തൊഴിലാളികളുടെ കുടുംബം പട്ടിണിയിൽ ആയതിനാലാണെന്ന് രാജു എബ്രഹാം പറഞ്ഞു.
അതിനാലാണ് സിഐടിയു വിന്റെ ചുമതലക്കാരൻ എന്ന നിലയിൽ പങ്കെടുത്തതെന്നും
രാജു എബ്രഹാം വിശദീകരിക്കുന്നു.