ആലപ്പുഴ : ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടി. ഈ മാസം എട്ടാം തീയതിയാണ് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഏഴാം തീയതി ആയിരുന്നു കുഞ്ഞിന് ജന്മം നൽകുന്നത്. അവിവാഹിതയായ യുവതി കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഏൽപ്പിച്ചു എന്നാണ് ആശുപത്രി അധികൃതർ തിരക്കിയപ്പോൾ പറഞ്ഞത്. എന്നാൽ പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും മൊഴി നൽകുകയും ചെയ്തു.
ഇതില്‍ സംശയം തോന്നി പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവതി കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടുകയായിരുന്നു എന്ന കാര്യം വെളിവാകുന്നത്.
സംഭവത്തിൽ ആൺ സുഹൃത്ത് ഉൾപ്പെടെ 2 പേർ കസ്റ്റഡിയിലാണ്. തകഴി കുന്നുമ്മലിലാണ് കുഞ്ഞിനെ കുഴിച്ചു മൂടിയത് എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ മൃതദേഹം ആൺ സുഹൃത്തിനെ ഏൽപ്പിച്ചു. തുടർന്ന് അയാളും സുഹൃത്തും കൂടി തകഴിയിൽ കൊണ്ടു വന്ന് കുഞ്ഞിന്റെ ശരീരം മറവ് ചെയ്തു എന്നതാണ് യുവതി പോലീസിന് നൽകിയ മൊഴി.