വിവാഹ ദിവസം തന്നെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

വിവാഹ ദിവസം തന്നെ ഭാര്യയെ വെട്ടിക്കൊന്ന് യുവാവ്. കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡ് ഏരിയയിലെ ചമ്പര സനഹള്ളിയില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത. 27 കാരനായ നവീൻ ആണ് 19 കാരിയായ ഭാര്യ ലിഖിതയെ വെട്ടിക്കൊന്നത്. ചമ്പരസനഹള്ളി ഗ്രാമത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്.

വരന്റെ വീട്ടിലെത്തിയ ശേഷം ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെത്തുടർന്ന് ഇരുവരും മുറിയിൽ കയറി വാതിൽ അടച്ചുവെന്നാണ് പറയുന്നത്. എന്നാൽ മുറിയിലും ഇവർ വഴക്ക് തുടര്‍ന്നതിനാൽ പരിഭ്രാന്തിയിലായ ബന്ധുക്കൾ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാല്‍ ജനലിലൂടെ നോക്കിയപ്പോഴാണ് നവീൻ ലിഖിതയെ ആക്രമിക്കുന്നത് കണ്ടത്.

ഇരുവരെയും ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലിഖിതയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിൽ നവീൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അതേ സമയം ഇരുവരും തമ്മിലുള്ള പ്രശ്നം എന്താണെന്ന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം എവിടെ നിന്നാണ് കിട്ടിയതെന്നും വ്യക്തമല്ല. സംഭവത്തിൽ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.