സ്വർണം നേടിയ അർഷാദും തന്റെ മകൻ തന്നെയെന്ന് നീരജ് ചോപ്രയുടെ അമ്മ

2024 പാരിസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ കരസ്ഥമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ നീരജ് ചോപ്ര. പാകിസ്ഥാൻ താരമായ അർഷാദ് നദീം ആണ് ഇത്തവണ ജാവലിൻ ത്രോ യിൽ ഒളിമ്പിക്സ് ഗോൾഡ് മെഡൽ ജേതാവ്. 89.45 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനം നേടിയത്. കഴിഞ്ഞ ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ ജേതാവായ നീരജിന്റെ കരിയറിലെ റെക്കോർഡ് പ്രകടനമാണിത്. രണ്ടാം ശ്രമത്തിൽ 92.97 മീറ്റർ എറിഞ്ഞാണ് അർഷദ് നദീം റെക്കോര്‍ഡോടെ ഒളിമ്പിക്സ് സ്വര്‍ണം കരസ്ഥമാക്കിയത്.

അതിനിടെ നീരജ് ചോപ്രയ്ക്ക് വെള്ളി മെഡൽ കിട്ടിയതിനു പിന്നാലെ, താരത്തിന്റെ അമ്മ പറഞ്ഞ വാക്കുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.
“വെള്ളി മെഡൽ നേടാൻ ആയതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. സ്വർണം നേടിയ അർഷാദും എനിക്ക് മകനെ പോലെ തന്നെയാണ്. അവനും ഇത് നേടാൻ ഒരുപാട് കഷ്ടപ്പെട്ടു ” ഇങ്ങനെയാണ് നീരജിന്റെ അമ്മ സരോജ് ദേവി പ്രതികരിച്ചത്. നീരജിന്റെ അമ്മയുടെ ഈ പ്രതികരണം പാകിസ്ഥാൻ ജനങ്ങളും ലോകമെമ്പാടുമുള്ള ആരാധകരും ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. താരത്തിന്റെ അമ്മയ്ക്ക് നല്ല സ്പോർട്സ്മാൻ സ്പിരിറ്റ് ആണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന പ്രതികരണങ്ങൾ.

മെഡൽ നേട്ടത്തോട്  നീരജ് ചോപ്രയും പ്രതികരണവുമായി രംഗത്തെത്തി. “രാജ്യത്തിനായി ഓരോ മെഡൽ നേടുമ്പോഴും തനിക്ക് സന്തോഷമുണ്ട്. എന്നാൽ ഇപ്പോൾ തന്റെ മികവ് മെച്ചപ്പെടുത്തേണ്ട സമയമാണ്. അതിനാൽ ഇക്കാര്യത്തിൽ താൻ കൂടുതൽ വിലയിരുത്തലുകൾ നടത്തും ” ഇതായിരുന്നു നീരജ് ചോപ്രയുടെ പ്രതികരണം കഴിഞ്ഞ തവണത്തെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ഏക സ്വർണ മെഡൽ നേടിയ താരമായിരുന്നു നീരജ് ചോപ്ര. എന്നാൽ ഇത്തവണ രണ്ടാം സ്ഥാനമാണ് നേടാനായത്.

അർഷാദിന്റേയും നീരജിന്റേയും ഇഞ്ചോടിഞ്ചുള്ള മറ്റൊരു പോരാട്ടത്തിന് ലോകം
സാക്ഷ്യം വഹിച്ചത് 2023ല്‍ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നടന്ന ബുഡാപാസ്റ്റിലാണ്. അന്ന് 35 സെന്റി മീറ്റർ ദൂരം പിന്നിലായ അർഷാദിന് വെള്ളിയാണ് ലഭിച്ചത്. നീരജിനൊപ്പം ഇന്ത്യയുടെ ത്രിവർണ പതാകയ്ക്ക് കീഴില്‍ നിന്നതിനും നീരജിന്റെ ജാവലിൻ പരിശീലനത്തിന് ഉപയോഗിച്ചതിനും അന്ന് വലിയ വിമർശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും അർഷാദ് നദീം ഇരയായിരുന്നു. ജാവലിൻ ത്രോയില്‍ മികച്ച താരങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ചിലുണ്ടായിട്ടും അന്താരാഷ്ട്ര നിലവാരത്തിലുള്ള ജാവലിൻ ഇല്ലാതെയാണ് അർഷാദ് നദീം പാരീസിലെത്തിയത്. താനുപയോഗിക്കുന്ന ജാവലിൻ തകരാറിലായ കാര്യവും പരിശീലകനോടും ദേശീയ കായിക ഫെഡറേഷനോടും പുതിയ ജാവലിനായി അഭ്യർഥിച്ച കാര്യവും അർഷാദ് വെളിപ്പെടുത്തിയിരുന്നു. ഞെട്ടലോടെയായിരുന്നു കായിക ലോകം  അർഷാദ് നദീമിന്റെ ഈ വെളിപ്പെടുത്തലിനെ കണ്ടത്.