തിരുവനന്തപുരം; അപമര്യാദയായി പെരുമാറിയെന്ന സ്പീക്കർ എ.എൻ ഷംസീറിൻ്റെ പരാതിയില്‍, വന്ദേ ഭാരത് എക്‌സ്പ്രസിൽ അനധികൃത യാത്ര ചോദ്യം ചെയ്ത ടിക്കറ്റ് എക്സാമിനറെ, വന്ദേ ഭാരതിന്‍റെ ചുമതലയിൽ നിന്ന് നീക്കി. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വന്ദേ ഭാരത് എക്‌സ്പ്രസിലാണ് സംഭവം.സ്പീക്കർ എ.എൻ ഷംസീറിനൊപ്പം സുഹൃത്തായ ഗണേഷും ട്രെയിനിൽ ഉണ്ടായിരുന്നു. എക്സിക്യുട്ടീവ് കോച്ചിലാണ് സ്പീക്കര്‍ ഷംസീറിന്റെ ടിക്കറ്റ്. ഗണേഷിൻ്റെതാകട്ടെ ചെയർ കാർ ടിക്കറ്റും . പക്ഷേ സ്പീക്കര്‍ക്കൊപ്പമാണ് ഗണേഷ് യാത്ര ചെയ്തത്.
വണ്ടി തൃശ്ശൂരിലെത്തിയപ്പോൾ ഗണേഷിനോട് ചെയർ കാറിലേക്ക് മാറാനോ എക്സിക്യുട്ടീവ് കോച്ചിലേക്ക് ടിക്കറ്റ് മാറ്റിയെടുക്കാനോ ടിടിഇ ആവശ്യപ്പെട്ടിട്ടും ഗണേഷ് തയ്യാറായില്ലത്രെ. തുടര്‍ന്ന് കോട്ടയത്ത് എത്തിയപ്പോഴും ഗണേഷിനോട് കോച്ച് മാറാൻ ടിടിഇ ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. സ്പീക്കറും തർക്കത്തിൽ ഇടപെട്ടതായി ആരോപണമുണ്ട്.
ട്രെയിൻ തിരുവനന്തപുരത്ത് എത്തിയപ്പോൾ സ്പീക്കര്‍ ഡിവിഷണൽ മാനേജർക്ക് പരാതി നൽകി. സ്പീക്കര്‍ പദവിയെ മാനിക്കാതെ തന്നോട് മോശമായി പെരുമാറിയെന്നാണ് സ്പീക്കറുടെ പരാതി. ഇതേ തുടര്‍ന്ന് പത്മകുമാറിനെ വന്ദേ ഭാരതിന്‍റെ ചുമതലയിൽ നിന്ന് തന്നെ നീക്കുകയായിരുന്നു. തിരുവനനന്തപുരം റെയിൽവെ ഡിവിഷണൽ മാനേജരാണ് ടിടിഇക്കെതിരെ നടപടിയെടുത്തത്.
അതേ സമയം സംഭവത്തിൽ ചീഫ് ടിടിഇ ജി.എസ് പത്മകുമാറിനെ പിന്തുണച്ച് റെയിൽവെ ജീവനക്കാരുടെ സംഘടന എസ്ആർഎംയു രംഗത്ത് വന്നിട്ടുണ്ട്. പത്മകുമാറിനെതിരെ നടപടി അംഗീകരിക്കില്ലെന്ന് സംഘടന വ്യക്തമാക്കി. കൃത്യമായി ജോലി ചെയ്തതിനുള്ള ശിക്ഷയാണ് പത്മകുമാറിന് ലഭിച്ചതെന്ന് ആരോപിച്ച് എസ്ആർഎംയു നേതാക്കൾ ഡിവിഷണൽ മാനേജർക്ക് പരാതി നൽകിയിട്ടുമുണ്ട്.