കേരള പോലീസിന്‍റെ കാര്യക്ഷമത പരിശോധിക്കാൻ കവർച്ച; ഒടുവില്‍ പിടിയിൽ

കൊച്ചി: ഗൾഫിലുള്ള പോലീസാണോ കേരള പോലീസാണോ മികച്ചത് എന്ന സംശയമായിരുന്നു മൊഗ്രാൽ കൊപ്പളം സ്വദേശി എ.എം മൂസഫഹദിന് ഉണ്ടായിരുന്നത്. ഇതറിയാനായി ഈ 22കാരൻ ചെയ്തത് കുറച്ച് കടന്ന കൈയായി പോയെന്നു മാത്രം. മൊഗ്രാലിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എടിഎം കുത്തിത്തുറന്ന് മോഷണം നടത്താനാണ് മൂസഫഹദ് ശ്രമിച്ചത്. എന്നാൽ പോലീസ് വാഹനത്തിന്റെ ശബ്ദം കേട്ടതോടെ മോഷണം പാതിവഴിയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പക്ഷെ സിസിടിവി ഈ 22 കാരന് വിനയായി. സിസിടിവിയില്‍ പതിഞ്ഞ മൂസഫഹദിന്റെ മോഷണ ശ്രമമാണ് പോലീസിന് പ്രതിയിലേക്ക് എത്താൻ കാര്യങ്ങൾ എളുപ്പമാക്കിയത്.

നാലു വർഷമായി ഗൾഫിലായിരുന്നു പ്രതി. എന്നാൽ നാട്ടിൽ വന്ന ശേഷം കാര്യമായി ജോലിയൊന്നുമില്ലാതായി.അങ്ങനെയാണ് റോബിൻഹുഡ് സിനിമകൾ കാണാറുള്ള പ്രതി , അതിനെ അനുകരിച്ച് കളവ് നടത്തിയത്. പ്രതിയെ കുമ്പള ഇൻസ്പെക്ടർ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോൾ കൈയിൽ കത്തി ഉണ്ടായിരുന്നു. മോഷണത്തിന് ഉപയോഗിച്ച മറ്റു വസ്തുക്കളായ സ്ക്രൂഡ്രൈവർ, മുട്ടി എന്നിവ പ്രതിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു.