മോഹൻലാലിന്‍റെ വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടിയുടെ സഹായം നൽകും

വയനാട് ;ഉരുൾപൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് 3 കോടിയുടെ സഹായം നൽകുമെന്ന് നടനും ലെഫ്. കേണലുമായ മോഹൻലാൽ പറഞ്ഞു. നടൻ്റെ നേതൃത്വത്തിലുള്ള വിശ്വാശാന്തി ഫൗണ്ടേഷനാണ് പുനരധിവാസ പദ്ധതി നടപ്പിലാക്കുക. തകര്‍ന്ന മുണ്ടക്കൈ സ്കൂള്‍ ഫൗണ്ടേഷൻ പുനർ നിർമ്മിച്ച് നല്‍കും. വയനാട്ടിൽ ഉരുൾപൊട്ടിയ പ്രദേശവും ദുരിതാശ്വാസ ക്യാമ്പും സന്ദേശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ മോഹൻലാൽ നേരത്തെ സംഭാവന ചെയ്തിരുന്നു. അതു കൂടാതെയാണ് വിശ്വശാന്തി ഫൗണ്ടേഷൻ്റെ സഹായം ഇന്ന് പ്രഖ്യാപിച്ചത്. ”നമ്മൾ മുമ്പും വെല്ലുവിളികളെ നേരിടുകയും കൂടുതൽ ശക്തരാവുകയും ചെയ്തവരാണ്. ഈ ദുഷ്കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം. നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടണം” മോഹന്‍ലാല്‍ പറഞ്ഞു.

വയനാട് ദുരന്ത ബാധിതര്‍ക്ക്  ആശ്വാസം പകരുന്ന സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസുകാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എന്‍ഡിആര്‍എഫ്, സൈനികര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പ്രയത്നത്തിനും ധൈര്യത്തിനും സല്യൂട്ട് ചെയ്യുന്നുവെന്നും താരം പറഞ്ഞു.