മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീൻ പിടിയിൽ ; ആറളം-കൊട്ടിയൂർ വനമേഖലകളിൽ മാവോയിസ്റ്റ് സംഘം സജീവമായത് മൊയ്തീന്റെ നേതൃത്വത്തിൽ

മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീൻ ഭീകര വിരുദ്ധ സ്ക്വാഡിന്റെ പിടിയിൽ. ആലപ്പുഴയിൽ ബസിൽ സഞ്ചരിക്കവേയാണ് ഇയാൾ പിടിയിലായത്. യു എ പി എ ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ മൊയ്തീൻ കഴിഞ്ഞ മാസമാണ് വയനാട്ടിൽ നിന്നും രക്ഷപ്പെട്ടത്. കൂട്ടാളിയായ സോമൻ കഴിഞ്ഞ ദിവസം ഷൊർണൂരിൽ നിന്നും പിടിയിലായിരുന്നു. വയനാട്ടിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷം കബനീ ദളത്തിന്റെ നേതാവായ മൊയ്തീന് വേണ്ടി ഭീകര വിരുദ്ധ സ്ക്വാഡ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇയാൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

കേരളത്തിലും തമിഴ്നാട്ടിലുമായി നാടുകാണിദളം, ശിരുവാണിദളം, ബാണാസുരദളം, കബനിദളം എന്നിങ്ങനെ നാലായി തിരിഞ്ഞായിരുന്നു മാവോയിസ്റ്റുകൾ പ്രവർത്തിച്ചിരുന്നത്. തണ്ടർ ബോൾട്ട് പരിശോധന ശക്തമാക്കിയതും വന്യമൃഗ ആക്രമണവും മാവോയിസ്റ്റുകൾക്ക് വന മേഖലയിൽ തങ്ങൽ ഭീഷണിയായി. തീവ്രവാദവിരുദ്ധ സേനയുമായുള്ള നിരന്തര ഏറ്റുമുട്ടലുകളിൽ പ്രവർത്തകർ കൊല്ലപ്പെട്ടതോടെ പല ദളങ്ങളിലും അംഗങ്ങൾ ഇല്ലാതായി. ഇതിനിടെ ചിലർ കീഴടങ്ങി. കാപ്പിക്കളം, ലക്കിടി, കണ്ണൂർ അയ്യൻകുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ ഏറ്റുമുട്ടലുകൾ നടന്നതോടെ മാവോയിസ്റ്റുകളിൽ ഒരു സംഘം കർണാടകയിലേക്ക് മാറി. പിന്നീട് സി.പി.മൊയ്തീൻ്റെ നേതൃത്വത്തിൽ നാലുപേർമാത്രമാണ് ആറളം-കൊട്ടിയൂർ വനമേഖലകളിൽ പ്രവർത്തിച്ചത്. 2019ൽ നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി പി ജലീലിന്റെ സഹോദരനാണ് സി പി മൊയ്തീൻ.