മരണം 280 കടന്നു.. കാണാമറയത്ത് 240ഓളം പേര്‍.. രക്ഷാപ്രവർത്തനം മൂന്നാം നാള്‍

വയനാട് മുണ്ടക്കൈ ഉരുൾ പൊട്ടലിൽ രക്ഷാദൗത്യം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ മരിച്ചവരുടെ എണ്ണം 280 ആയി ഉയർന്നു. കെട്ടിടങ്ങൾക്കിടയിലോ മണ്ണിലോ പുതഞ്ഞ് കിടക്കുന്ന 200ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. കിലോമീറ്ററുകള്‍ക്ക് അപ്പുറമുള്ള ചാലിയാര്‍ പുഴയില്‍ നിന്നും 54 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 85 ശരീര ഭാഗങ്ങളും കിട്ടിയിട്ടുണ്ട്. ഈ ശരീര ഭാഗങ്ങൾ ആരുടേതാണെന്ന് മനസ്സിലായിട്ടില്ല.

വീടുകളിൽ ഇപ്പോഴും നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ട് എന്ന സംശയത്തിലാണ് രക്ഷാപ്രവർത്തകർ.
മലപ്പുറം നിലമ്പൂർ മുതൽ ദുരന്ത മേഖല വരെ കാണാതായവർക്കായുള്ള തിരച്ചിൽ നടക്കുന്നുണ്ടെന്ന് എ ഡിജിപി എം ആർ അജിത് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. സൈന്യം ഉൾപ്പെടെ അഞ്ചംഗ വിഭാഗം ഇപ്പോൾ രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിനായി കൂടുതൽ യന്ത്ര സന്നാഹങ്ങളും ഇന്നെത്തും.

ഉരുൾ പൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് കടക്കാന്‍ സ്ഥാപിക്കുന്ന ബെയ്‌ലി പാലത്തിന്‍റെ നിർമ്മാണം ഇന്ന് ഉച്ചയോടെ തന്നെ പൂർത്തിയാകുമെന്ന് കരസേന രക്ഷാ പ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള മേജര്‍ ജനറല്‍ വിനോദ് മാത്യു വ്യക്തമാക്കി. ഇതോടെ ഹിറ്റാച്ചിയുള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി രക്ഷാപ്രവർത്തകർക്ക് ഒറ്റപ്പെട്ട മേഖലകളിലേക്ക് കടന്നു ചെല്ലാനും അവിടെ അകപ്പെട്ട ആൾക്കാരെ പുറത്തെത്തിക്കാനും സാധിക്കും. 1100 അംഗങ്ങൾ ഉള്ള സംഘങ്ങളാണ് പ്രദേശത്ത് ഇപ്പോൾ തിരിച്ചിൽ നടത്തുന്നത്.

82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8304 പേരാണ് നിലവിൽ കഴിയുന്നത്. 1592 പേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചു എന്നതാണ് കിട്ടുന്ന വിവരം. കൂടാതെ പ്രദേശത്ത് കുടുങ്ങി കിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്താനായി.കഡാവർ നായകളും ദുരന്ത മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 15 മണ്ണുമാന്തി യന്ത്രങ്ങളാണ് മുണ്ടക്കയത്ത് രക്ഷാപ്രവർത്തനത്തിനായി എത്തിച്ചിട്ടുള്ളത്.

ചാലിയാറിൽ നിന്നും പോത്തുകല്ലിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ നിലമ്പൂർ പോത്തുകല്ലിൽ നിന്ന് 15 കിലോമീറ്റർ വനഭാഗം കഴിഞ്ഞുള്ള തമിഴ് നാട് അതിർത്തിയിലും തിരച്ചിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ നിന്ന് കൂടുതൽ ഫയർഫോഴ്സ് സിവിൽ ഡിഫൻസ് ടീമുകളും വയനാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ദുരന്ത ഭൂമി മുഖ്യമന്ത്രി ഇന്ന് സന്ദർശിക്കും.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കളും ഇന്ന് എത്തും.
മൂന്നാം നാളിലേക്ക് കടന്ന രക്ഷാപ്രവർത്തനം കാര്യക്ഷമമായി തന്നെയാണ് മുന്നോട്ട് പോകുന്നത്.