വാട്സ്ആപ്പ് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുമോ..?

ഉപഭോക്തൃ വിശദാംശങ്ങൾ പങ്കിടുവാനുള്ള സർക്കാർ നിർദ്ദേശം കാരണം വാട്സ്ആപ്പ് രാജ്യത്ത് പ്രവർത്തനം നിർത്താൻ പദ്ധതിയുണ്ടോ.. കോൺഗ്രസ് എംപി വിവേക് തൻഖയുടെ ഈ ചോദ്യത്തിന്
വാട്സ്ആപ്പും മാതൃ കമ്പനിയായ മെറ്റയും സേവനങ്ങൾ നിർത്തലാക്കാനുള്ള പദ്ധതികളൊന്നും കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചത്.

പുതിയ ഐടി നിയമങ്ങളെ കുറിച്ച് ഉണ്ടായ ആശങ്ക ചൂണ്ടിക്കാട്ടി, വാട്സ്ആപ്പ് എൻ ഡ് – ടു – എൻഡ് എൻക്രിപ്ഷൻ നിയമങ്ങൾ തകർത്തേക്കാമെന്ന ആശങ്കയുണ്ടായ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു ചോദ്യം രാജ്യസഭയിൽ ഉയർന്നത്.

ഈ വർഷം ആദ്യം ഡൽഹി ഹൈക്കോടതിയിൽ സന്ദേശങ്ങളിലെ എൻക്രിപ്ഷൻ ഇല്ലാതാക്കാൻ നിർബന്ധിതരായാൽ ഇന്ത്യയിൽ പ്രവർത്തനം നിർത്തുമെന്ന് വാട്സ്ആപ്പ് അറിയിച്ചിരുന്നു.
എൻക്രിപ്ഷൻ ഇല്ലാതാകുന്നത് വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ സ്വകാര്യതയെ ബാധിക്കുമെന്ന് വാട്സ്ആപ്പ് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. മെറ്റയും വാട്സപ്പും സ്വകാര്യതയുടെ അവകാശത്തെ ലംഘിക്കുന്ന ഐടി നിയമങ്ങൾക്കെതിരെയാണ് കോടതിയെ സമീപിച്ചത്.

വാട്സ്ആപ്പ് ഇന്ത്യയിൽ പ്രവർത്തനം നിർത്തിയാൽ 40 കോടിയിലധികം ഉപഭോക്താക്കളെ അത് സാരമായി ബാധിക്കും. നിരവധി ബിസിനസുകള്‍ വാട്സ്ആപ്പ് വഴിയാണ് ആശയവിനിമയം നടത്തുന്നത്. ഇതിനാൽ വാട്സ്ആപ്പ് പ്രവർത്തനം നിർത്തിയാൽ ഇത് ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥിതിയെ തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.