പഠിച്ചത് ഒരേ കോളേജിൽ, മത്സരിച്ചതും ഒന്നിച്ച്, ഇവർ ഇന്ന് ഇന്ത്യൻ അഭിമാന താരങ്ങൾ

പാരീസ്: ഒളിമ്പിക്സിൽ പുതുചരിത്രം കുറിച്ച് ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാക്കറിന്റെയും സരബ്‌ജോത് സിങിന്റെയും സൗഹൃദമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.സ്വാതന്ത്ര്യത്തിന് ശേഷം ഒരു ഒളിമ്പിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമായിരിക്കുകയാണ് മനു. അതോടൊപ്പം 10 മീറ്റർ എയർ പിസ്റ്റള്‍ മിക്‌സഡ് ടീം ഇവന്റിൽ മനു ഭാക്കറും സരബ്‌ജോത് സിങ്ങും ചേർന്ന് ഇന്ത്യയ്ക്ക് വീണ്ടും വെങ്കലം നേടിത്തന്നു. ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതയാകാനും മനുവിന് സാധിച്ചു. ഇരുവരും പഠിച്ചത് ഒരേ കോളേജിലാണ്.മത്സരിച്ചതും ഒന്നിച്ച് തന്നെ.

മനു ഭാക്കറിന്റെയും സരബ്‌ജോത് സിങ്ങിന്റെയും പഠനം ചണ്ഡീഗഢിലെ സെക്ടർ 10-ലെ ഡി.എ.വി. കോളേജിൽ ആയിരുന്നു. പഠനകാലത്തേ രാജ്യം കണ്ട മികച്ച ഷൂട്ടർമാരായ ഇവർ ഏഷ്യൻഗെയിംസിലും ലോക ചാമ്പ്യൻഷിപ്പുകളിലും മെഡൽ വാരിക്കൂട്ടി.ഗുസ്തിയുടെയും ബോക്സിങ്ങിന്റെയും നാടായ ഹരിയാണയിൽനിന്നാണ് രണ്ടുപേരുടെ വരവെന്നത്‌ മറ്റൊരു പ്രത്യേകത. ബോക്സിങ്ങിലും ടെന്നീസിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ഭാക്കർ ഷൂട്ടിങ്ങിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് 2016-ലെ റിയോ ഒളിമ്പിക്സ് കഴിഞ്ഞതോടെയാണ്. മകളെ ഒളിമ്പ്യനാക്കണമെന്ന ലക്ഷ്യത്തോടെ അച്ഛൻ രാം കിഷൻ ഭാക്കർ ഷൂട്ടിങ് കിറ്റ് വാങ്ങിനൽകിയതോടെ പിന്നീട് കണ്ടത്‌ ചരിത്രം.

അംബാലയിലെ കർഷക കുടുംബത്തിലാണ് സരബ്‌ജോത് സിങ്ങിന്റെ ജനനം. ചെറുപ്പത്തിൽ അവധിക്കാലക്യാമ്പിനിടെ കുറച്ചു കുട്ടികൾ എയർഗൺ ഉപയോഗിക്കുന്നതു കണ്ടു. അതുവരെ ഫുട്‌ബോൾ കളിക്കാരനാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, ക്യാമ്പ് കണ്ടതോടെ ഷൂട്ടിങ്ങിലേക്ക് സരബ്‌ജോത് കേന്ദ്രീകരിച്ചു. സരബ്‌ജോത് പിതാവ് ജതീന്ദർ സിങ്ങിന്റെ അടുത്തുചെന്ന് പറഞ്ഞു, ‘‘അച്ഛാ, എനിക്ക് ഷൂട്ടിങ് തുടരണം’’. എന്നാൽ, ജതീന്ദറിന് അത്‌ ചെലവേറിയതാണെന്ന് അവനെ അറിയിക്കേണ്ടിവന്നു. എന്നാൽ, മകൻ ഷൂട്ടിങ്ങിൽ നിർബന്ധം പിടിച്ചതോടെ മാതാപിതാക്കൾ തീരുമാനത്തോടു യോജിച്ചു. മകനെ അഭിഷേക് റാണയുടെ ഷൂട്ടിങ് അക്കാദമിയിൽ പരിശീലനത്തിനു ചേർത്തു. 2019-ൽ ജൂനിയർ ലോകകപ്പിൽ സ്വർണം നേടിയതോടെയാണ് സരബിനെ രാജ്യം അറിഞ്ഞുതുടങ്ങിയത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റൾ ടീമിനത്തിൽ സ്വർണം നേടി. എയർ പിസ്റ്റൾ മിക്സഡിൽ വെള്ളിയും. കഴിഞ്ഞ ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റളിലും മിക്സഡ് ടീമിലും സരബ്‌ജോത് സ്വർണം നേടിയിരുന്നു.

മനക്കരുത്തും കഠിനപരിശീലനവുമാണ് ഒരു ഒളിമ്പിക്സിൽ തുടർച്ചയായി രണ്ടാം മെഡൽ നേടുന്ന കായികതാരമായി മനുവിനെ വളർത്തിയത്. ടോക്യോയിലെ നിരാശയിൽ മനു വീണുപോയിരുന്നെങ്കിൽ പാരീസിൽ രണ്ട്‌ വെങ്കലത്തിളക്കം കാണാനാകുമായിരുന്നില്ല. കളി നിർത്തിയാലോ എന്ന് ആലോചിച്ചിരുന്നകാലത്ത്, ആ മനസ്സുമാറ്റാൻ നിയോഗംപോലെ ഒരാളെത്തി. അവളുടെ കുട്ടിക്കാലത്തെ പരിശീലകനും മുൻ ഏഷ്യൻ ഗെയിംസ് ചാമ്പ്യനുമായ ജസ്പാൽ റാണ. ഒരുകാലത്ത് മനു-റാണ പരസ്യപ്പോരായിരുന്നു വാർത്തകളിൽ. ടോക്യോ ഒളിമ്പിക്സിൽ പുറത്തായതോടെ റാണയെ കുറ്റപ്പെടുത്തിയുള്ള മനുവിന്റെ അമ്മയുടെ സന്ദേശമാണ് എല്ലാറ്റിനും കാരണമായത്.

 

പ്രൈം 21 ചാനൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ👇

https://chat.whatsapp.com/BkTUtUgFfNtFdeqMPcS9Yc