വഞ്ചിയൂരിൽ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തിൽ വനിതാ ഡോക്ടർ അറസ്റ്റിൽ. കൊല്ലം സ്വദേശിയും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായണ് ദീപ്തിയാണ് അറസ്റ്റിലായത്. വെടിയേറ്റ ഷിനിയോടുള്ള വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
ദീപ്തിയും വെടിയേറ്റ ഷിനിയുടെ ഭർത്താവ് സുജിത്തും തമ്മിലുള്ള അടുപ്പവും പിന്നീടുണ്ടായ വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സുജിത്തും ദീപ്തിയും ഒന്നര വർഷം മുമ്പ് കൊല്ലത്തെ മറ്റൊരു ആശുപത്രിയിൽ ഒന്നിച്ച് ജോലി ചെയ്തിരുന്നു. ആ സമയത്തുണ്ടായ അടുപ്പവും പ്രശ്നങ്ങൾക്ക് കാരണമാണെന്ന് ഡിസിപി നിതിൻരാജ് പറഞ്ഞു.
ദീപ്തിയുടെ ഭർത്താവും ഡോക്ടറാണ്. ഓൺലൈൻ വഴിയാണ് ദീപ്തി പിസ്റ്റൾ വാങ്ങിയത്. തുടർന്ന് യൂട്യൂബ് നോക്കി ഉപയോഗിക്കാനുള്ള പരിശീലനം നേടി. പിന്നീട് ബന്ധുവിന്റെ വാഹനം വാങ്ങി വ്യാജ നമ്പർ പ്ലേറ്റ് തയ്യാറാക്കി.
പോലീസിന്റെ ചോദ്യം ചെയ്യലിനോട് ആദ്യം ദീപ്തി പ്രതികരിച്ചിരുന്നില്ല. തെളിവുകൾ നിരത്തിയപ്പോഴാണ് മൊഴി നൽകിയത്. ആക്രമണം നടന്ന അന്നേ ദിവസം തന്നെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ
പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നെന്നും ഡിസിപി പറഞ്ഞു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഷിനിയുടെ വീട്ടിലെത്തി എയർഗൺ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നുപാഴ്സൽ നൽകാൻ എന്ന വ്യാജേനയാണ് പ്രതിയെത്തിയത്. എയർഗൺ ഉപയോഗിച്ച് മൂന്ന് തവണ വെടിവെക്കുകയായിരുന്നു. ഷിനി ഇത് തടയാൻ ശ്രമിച്ചെങ്കിലും കൈവെള്ളയിൽ വെടിയേറ്റു. തലയും മുഖവും മറച്ചാണ് ദീപ്തി വീടിനകത്ത് കയറി അക്രമം നടത്തി ഉടന് തന്നെ രക്ഷപ്പെട്ടത്.