തന്റെ പ്രിയപ്പെട്ട നടിയായ മഞ്ജു വാര്യരെ പറ്റി ഒരു കവിത എഴുതി, അതൊന്ന് പ്രിയ നടിയെ ചൊല്ലി കേൾപ്പിക്കണം, ഇതായിരുന്നു പത്തനംതിട്ട അങ്ങാടിയ്ക്കൽ സ്വദേശിയും തൊഴിലുറപ്പു തൊഴിലാളിയുമായ ഗീതയുടെ മോഹം. ഇപ്പോഴിതാ സാക്ഷാൽ മഞ്ജു വാര്യർ തന്നെ ഗീതയെ കാണാനായി എത്തി. അങ്ങനെ പ്രിയ നടിക്കായി എഴുതിയ കവിത, താരത്തെ തന്നെ ചൊല്ലി കേൾപ്പിച്ച് സ്വപ്നം സാക്ഷാത്കരിച്ചതിന്‍റെ ത്രില്ലിലാണ് ഗീതയിപ്പോൾ.
‘പോയ നാളുകൾ എന്ന് പേര് നൽകിയ കവിത മഞ്ജു വാര്യരെ ചൊല്ലി കേൾപ്പിക്കണം എന്ന ഗീതയുടെ ആഗ്രഹം വാർഡ് മെമ്പർ ആയ ജിതേഷ് കുമാറാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്ക് വെച്ച പോസ്റ്റിലൂടെ പുറം ലോകത്തെ അറിയിച്ചത്. ഇത് പിന്നീട് വൈറലായി. ഒടുവിൽ ഇതറിഞ്ഞ നടി മഞ്ജുവാര്യർ ഗീതയെ കാണാനായി എത്തുകയായിരുന്നു. താരത്തിന് കവിത നൽകി, സ്നേഹ സമ്മാനമായി കവിളിൽ ഒരു മുത്തവും കൂടി നൽകിയാണ് ആരാധിക ഗീത മടങ്ങിയത്. 18ാം വയസിലാണ് ഗീത കവിത എഴുതി തുടങ്ങിയത്. 50 കവിതക ൾ ഇതുവരെ എഴുതിയിട്ടുണ്ട്. പക്ഷേ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല.