ആഡംബര നൗകക്ക് തന്‍റെ പേര് നല്‍കിയതില്‍ പ്രതികരണവുമായി നടൻ ആസിഫ് അലി.
വാർത്ത കേട്ടപ്പോള്‍ സന്തോഷവും അഭിമാനവും തോന്നി. എന്നാൽ
കുറച്ച് ഓവറായി പോയില്ലേന്ന് തനിക്കും തോന്നിയെന്നായിരുന്നു ആസിഫ് അലിയുടെ പ്രതികരണം.
സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ പിന്തുണ അറിയിച്ചു കൊണ്ടാണ് ആഡംബര നൗകയ്ക്ക് നടൻ്റെ പേര് നൽകിയത്.
”ഞാനും അറിഞ്ഞു, എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനം തോന്നി. അങ്ങനെ ഒരാൾക്ക് തോന്നി, അതിൽ ഒരുപാട് സന്തോഷം. അദ്ദേഹത്തെ ഒരുപാട് പരിചയ മുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കേട്ടപ്പോൾ എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേ എന്ന് ” ഇങ്ങനെയായിരുന്നു ആസിഫ് അലിയുടെ പ്രതികരണം.
‘മനോരഥങ്ങൾ’ ആന്തോളജി സീരിസിന്റെ ട്രെയിലർ റിലീസിനിടെ നടൻ ആസിഫ് അലിയെ സംഗീത സംവിധായകനായ രമേശ് നാരായണൻ അപമാനിച്ച സംഭവത്തിൽ നിരവധി പേര്‍ സോഷ്യൽ മീഡിയയിൽ ആസിഫലിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിന്തുണ അറിയിച്ച് ആഡംബര നൗകക്ക് നടന്‍റെ പേര് നൽകിയത്. ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 കപ്പലിന്റെ പേരാണ് ആസിഫ് അലി എന്നാക്കി മാറ്റിയത്. നടന്റെ പേര് ആഡംബര കപ്പലിന് നൽകിയതും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
ആസിഫ് അലി സംഭവം നടന്നപ്പോൾ അതിനെ കൈകാര്യം ചെയ്ത രീതി എല്ലാവർക്കും മാതൃകാപരമാണെന്നും സംഭവത്തിൽ വർഗീയ വിദ്വേഷത്തിന് ശ്രമിച്ചപ്പോഴും എല്ലാത്തിനെയും ഒരു ചിരിയോടെയാണ് ആസിഫലി നേരിട്ടതെന്നും ഡി3 യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷെഫീഖ് മുഹമ്മദലി പറഞ്ഞിരുന്നു.