ഞാവൽപ്പഴം പറിച്ചു നല്‍കാത്തതിന് ദളിത് വിദ്യാർത്ഥിയെ അധ്യാപിക ക്രൂരമായി മർദ്ദിച്ചു..

ഉത്തർപ്രദേശിലെ ബറേലിയിലെ കുലാഡിയിലിലാണ് സംഭവം. ബിഹാരിപൂർ സ്വദേശികളും കൂലിപ്പണിക്കാരുമായ പോത്തിറാമിന്റെയും ഭാൻവതിയുടെയും മകനാണ് മർദ്ദനമേറ്റത്. അധ്യാപികയായ റാണി ഗാംഗ്വാർ ഞാവൽ മരത്തിൽ കയറി പഴങ്ങൾ പറിച്ചു നൽകാൻ നിർബന്ധിച്ചു. എന്നാൽ അതിനു വിസമ്മതിച്ചപ്പോൾ അധ്യാപക ക്ലാസ് മുറിയിൽ പൂട്ടിയിട്ട് മകനെ മർദ്ദിക്കുകയായിരുന്നെന്നാണ് പരാതി. സ്കൂളിൽ പരാതിയുമായി ചെന്നപ്പോൾ ഗ്രാമത്തിലെ പ്രമുഖരായ ചിലർ കേസ് ഒത്തുതീർപ്പാക്കാൻ ആവശ്യപ്പെട്ടു. ഭർത്താവ് അതിനു തയ്യാറായെങ്കിലും താൻ പോലീസിൽ പരാതി നൽകുകയായിരുന്നു. മകന് ശരീരത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ച ശേഷമാണ് താൻ പരാതി നൽകിയതെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു.

കുട്ടിയുടെ ശരീരത്തിൽ അടിയേറ്റതിന്റെ പാടുകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അധ്യാപികക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ അധ്യാപികക്കെതിരെ നിയമ പ്രകാരമുള്ള നടപടി ഉണ്ടാവുമെന്നും പോലീസ് അറിയിച്ചു. എന്നാൽ താൻ നിരപരാധിയാണെന്നും കള്ള കേസിൽ കുടുക്കിയതാണെന്നുമാണ് അധ്യാപിക പറയുന്നത്.