കേരളത്തിന്‍റെ പേര് പോലും പരാമർശിച്ചില്ല; കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂർണ്ണമായും തഴഞ്ഞു

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നതിനാലും രണ്ട് കേന്ദ്ര മന്ത്രിമാർ കേരളത്തിൽ നിന്നുള്ളവർ ആയതിനാലും മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റിനെ പ്രതീക്ഷയോടെയായിരുന്നു കേരളം കാത്തിരുന്നത്. എന്നാൽ കേരളത്തെ പൂർണമായും തഴയുന്ന നിലപാടാണ് ധനമന്ത്രി ബജറ്റില്‍ സ്വീകരിച്ചത്. കേരളത്തിന്‍റെ പേര് പോലും പരാമർശിക്കാത്ത ബജറ്റ് സർവ്വ മേഖലയിലും കേരളത്തെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

കേരളം 24,000 കോടി രൂപയുടെ പാക്കേജ് ആയിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ കേരളത്തിന്റെ ആവശ്യങ്ങളിൽ പ്രഖ്യാപനങ്ങളൊന്നമുണ്ടായില്ല. മാത്രമല്ല പ്രത്യേക പദ്ധതികളൊന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. ടൂറിസ്റ്റുകള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള കേരളത്തിന് പുതിയ ടൂറിസം പദ്ധതികളും കേന്ദ്ര ബജറ്റില്‍ ഇല്ല. പ്രതീക്ഷയോടെ കാത്തിരുന്ന എയിംസിനെക്കുറിച്ച് പോലും പരാമര്‍ശമില്ല. വിഴിഞ്ഞം പദ്ധതിക്കും പാക്കേജ് പ്രഖ്യാപിച്ചില്ല.

പ്രളയ ദുരിതം നേരിടാനുള്ള സഹായ പദ്ധതിയിലും കേരളത്തിനെ ഉൾപ്പെടുത്തിയിട്ടില്ല. ബിഹാ‍‍ർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് ഇതിന് പരിഗണിച്ചത്. ചെന്നൈ – വിശാഖപട്ടണം – ബംഗളൂരു – ഹൈദരാബാദ് പ്രത്യേക വ്യാവസായിക ഇടനാഴി പ്രഖ്യാപിച്ചപ്പോള്‍ ഇക്കാര്യത്തിലും സംസ്ഥാനത്തെ ഉൾപ്പെടുത്തിയിട്ടില്ല.ആരോഗ്യ മേഖലയിൽ പകർച്ചവ്യാധി പരിശോധന സംവിധാനങ്ങളുടെ ആധുനിക സ്ഥാപനങ്ങൾ, വിവിധ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുകൾ, രോഗനിർണയ കേന്ദ്രങ്ങൾ തുടങ്ങിയവയും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതൊന്നും അനുവദിച്ചിട്ടില്ല.