3 ലക്ഷം രൂപവരെ നികുതിയില്ല; കേന്ദ്ര ബജറ്റില്‍ ആദായ നികുതി ഘടനയിലും മാറ്റം

ആദായ നികുതി ഘടനയിൽ മാറ്റം വരുത്തി മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. ഇനി മൂന്നു ലക്ഷം രൂപ വരെ ആദായ നികുതിയില്ല. മൂന്നു മുതൽ ഏഴ് ലക്ഷം വരെ 5% നികുതി. 7 മുതൽ 10 ലക്ഷം വരെ 10% . 10 മുതൽ 12 ലക്ഷം വരെ 15% . 12 മുതൽ 15 ലക്ഷം വരെ 20 % .15 ലക്ഷം മുതൽ വരുമാനമാനമുള്ളവർക്ക് 30 % എന്നിങ്ങനെയാണ് ആദായ നികുതി നിരക്കിന്‍റെ പുതുക്കിയ സ്ളാബ്. കൂടാതെ സ്റ്റാൻഡേഡ് ഡിഡക്ഷൻ 50,000ത്തിൽനിന്ന് 75,000 ആക്കി ഉയർത്തിയിട്ടുമുണ്ട് ഫാമിലി പെൻഷൻകാർക്ക് ഡിഡക്ഷൻ 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി. കോർപ്പറേറ്റ് നികുതി കുറച്ചു. ആദായ നികുതി പരാതികള്‍ കുറയ്ക്കുന്നതിന് 1961ലെ ആദായനികുതി നിയമം സമഗ്രമായി പുനഃപരിശോധിച്ച് പോരായ്മകൾ‌ പരിഹരിക്കുമെന്നും ധ​നമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

പുതിയ ബജറ്റ് നിര്‍ദ്ദേശ പ്രകാരം ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നിയമ നടപടി സ്വീകരിക്കില്ല. ടി ഡി എസ് സംവിധാനം ലളിമാക്കുമെന്നും പ്രഖ്യാപനമുണ്ട്. ഇ.കൊമേഴ്സ് കമ്പനികൾക്കുള്ള ടിഡിഎസ് 0.1% ആയി കുറച്ചു. മൂലധന നേട്ടത്തിനുള്ള നികുതി സംവിധാനവും ലളിതമാക്കി. സ്റ്റാർട്ട് അപ്പ് നിക്ഷേപങ്ങൾക്കുള്ള ഏഞ്ചൽ ടാക്സ് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്