രോഗം മാറാനായി തലയിൽ സൂചി കുത്തി ചികിത്സ; മന്ത്രവാദിയുടെ പേരിൽ കേസ്

പലവിധ ജാലവിദ്യകളും ചെയ്യാൻ കെൽപ്പുള്ള ആളാണ് മന്ത്രവാദികൾ എന്ന വിശ്വാസം വെച്ച് പുലർത്തുന്നവരാണ് ഒരു പറ്റം ആളുകൾ. ഒഡീഷ്യയിലെ ബലംഗീർ ജില്ലയില്‍ ഒരു മന്ത്രവാദി ചികിത്സ എന്ന പേരിൽ യുവതിയുടെ തലയിൽ നിരവധി സൂചികള്‍ കുത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

പലതരം ആരോഗ്യ പ്രശ്നങ്ങൾ കഴിഞ്ഞ നാലു വർഷമായി യുവതിയെ അലട്ടുന്നുണ്ടായിരുന്നു. ഇതിനൊരു പരിഹാരം എന്ന പേരിലാണ് മന്ത്രവാദിയെ ചെന്നു കണ്ടത്. മന്ത്രവാദിയായ സന്തോഷ് റാണ യുവതിയെ ഒരു റൂമിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ഒരു മണിക്കൂറിനു ശേഷം വിട്ടയക്കുകയും ചെയ്തു.

വീട്ടിലെത്തിയ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ തലയിൽ എട്ടു സൂചികൾ കുത്തിയതായി കണ്ടെത്തിയത്.സൂചി നീക്കം ചെയ്യുന്നതിന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദ പരിശോധനയിൽ10 സൂചികൾ കൂടി തലയിൽ നിന്ന് കണ്ടെത്തി.യുവതിയുടെ കുടുംബമാണ് ആരോഗ്യ പ്രശ്നങ്ങൾക്ക് മരുന്ന് ഫലപ്രദമാകാത്തതിനെ തുടർന്ന് യുവതിയെ മന്ത്രവാദിയെ കാണാനായി നിർബന്ധിച്ചത്. സംഭവത്തെത്തുടർന്ന് പോലീസ് മന്ത്രവാദി ക്കെതിരെ കേസെടുത്തു അന്വേഷണം തുടങ്ങിയിരിക്കുകയാണ്.