ഒളിമ്പിക്‌സിന് ഡോ. എന്‍.കെ സൂരജും പാരീസിലേക്ക്, കണ്ണൂരിന് അഭിമാനമായി ബിഎഫ്‌ഐ വൈസ് ചെയര്‍മാന്‍

കണ്ണൂര്‍: പാരീസില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ബോക്‌സിംഗ് ടീം പറന്നിറങ്ങുമ്പോള്‍ കൂട്ടത്തില്‍ ഒരു കണ്ണൂര്‍ സ്വദേശിയുമുണ്ടാവും. അഴീക്കോട്ടുകാരനും ബോക്‌സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഎഫ്‌ഐ) ഡവലപ്‌മെന്റ് കമ്മിഷന്‍ വൈസ് ചെയര്‍മാനുമായ ഡോ. എന്‍.കെ. സൂരജ്. ബിഎഫ്‌ഐയുടെ നിരീക്ഷകനായാണ് ഡോ. സൂരജ് ടീമിനോടൊപ്പം പാരീസിലെത്തുന്നത്. ബോക്‌സിംഗ് മത്സരങ്ങളുടെ നടത്തിപ്പ് നിരീക്ഷിക്കല്‍, അന്താരാഷ്ട്ര ബോക്‌സിംഗ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍, ഇന്ത്യന്‍ ബോക്‌സര്‍മാരുടെ പ്രകടനവും തയ്യാറെടുപ്പും മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കല്‍ എന്നിവയാണ് നിരീക്ഷകന്റെ ചുമതലകള്‍.

പ്രമുഖ പ്രവാസി വ്യവസായിയും സംഘാടകനും ലോക കേരളസഭാംഗവുമായ ഡോ. എന്‍.കെ. സൂരജ് സംസ്ഥാന അമേച്വര്‍ ബോക്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റും കണ്ണൂര്‍ ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റും ഫെന്‍സിംഗ് അസോസിയേഷന്റെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനിയും കൂടിയാണ്. അഴീക്കോട്ടെ ദയ അക്കാദമി, ദയ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാനുമാണ്.

2019ല്‍ കണ്ണൂരില്‍ നടത്തിയ ദേശീയ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെയും അതിനു മുന്നോടിയായി അഴീക്കോട് നടത്തിയ സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെയും സംഘാടന മികവും ബോക്‌സിംഗ് രംഗത്ത് ബിഎഫ്‌ഐ ഡവലപ്‌മെന്റ് കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ നല്‍കിയ സംഭാവനകളും പരിഗണിച്ചാണ് ഡോ. സൂരജിനെ ഒളിമ്പിക്‌സ് ടീമിന്റെ നിരീക്ഷകന്‍ എന്ന നിലയില്‍ ബിഎഫ്‌ഐ നിയോഗിച്ചിട്ടുള്ളത്.

കായികരംഗത്ത് സമഗ്രതയുടെയും മികവിന്റെയും ഉയര്‍ന്ന നിലവാരം നിലനിര്‍ത്താനുള്ള ബിഎഫ്‌ഐയുടെ പ്രതിബദ്ധതയാണ് ഡോ. സൂരജിന്റെ നോമിനേഷനിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നതെന്നും ഇത് കേരളത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നതാണെന്നും ദ്രോണാചാര്യ അവാര്‍ഡ് ജേതാവും സംസ്ഥാന ബോക്‌സിംഗ് അസോസിയേഷന്‍ സെക്രട്ടറിയും ഇന്ത്യന്‍ ബോക്‌സിംഗ് ടീമിന്റെ മുഖ്യപരിശീലകനുമായിരുന്ന ഡോ. ഡി. ചന്ദ്രലാല്‍ പറഞ്ഞു.

പാരീസ് ഒളിമ്പിക്‌സിനുള്ള ബിഎഫ്‌ഐ നിരീക്ഷകനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് ഡോ. എന്‍.കെ. സൂരജ് പറഞ്ഞു. ഒളിമ്പിക്‌സ് വില്ലേജിനെക്കുറിച്ചറിയാനും അന്തര്‍ദ്ദേശീയ ബോക്‌സിംഗ് നിലവാരം കണ്ടു മനസ്സിലാക്കാനും ആ പരിചയസമ്പത്ത് നമ്മുടെ രാജ്യത്ത് പ്രയോജനപ്പെടുത്താനും തന്റെ പുതിയ പദവി സഹായകമാവുമെന്ന് സൂരജ് പറഞ്ഞു.

ബിഎഫ്‌ഐ പ്രസിഡന്റും സ്‌പൈസ് ജെറ്റ് ഉടമയുമായ അജയ് സിംഗ് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ടീമില്‍ ആറ് ബോക്‌സിംഗ് താരങ്ങളാണ് ഒളിമ്പിക്‌സില്‍ മെഡലിനായി പൊരുതാനിറങ്ങുന്നത്.
അമിത് പംഗല്‍ (51 കിലോ), നിഷാന്ത് ദേവ് (71 കിലോ), നിഖാത് സരിന്‍ (50 കിലോ), പ്രീതി പവാര്‍ (54 കിലോ), ജെയ്‌സ്മിന്‍ ലംബോറിയ (57 കിലോ), ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ (75 കിലോ) എന്നിവരാണ് ബോക്‌സിംഗില്‍ ഇന്ത്യയ്ക്കു വേണ്ടി റിംഗിലിറങ്ങുന്നത്. ജൂലായ് 27 മുതല്‍ 30 വരെയാണ് ബോക്‌സിംഗ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍. ജൂലായ് 26ന് പാരീസിലേക്ക് പോകുന്ന സംഘം മത്സരങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തും.