CPMൽ ചേർന്ന സുധീഷ് വേറെയും ക്രിമിനൽ കേസുകളിൽ പ്രതി

പത്തനംതിട്ട: സിപിഎമ്മിൽ ചേർന്ന സുധീഷ് കൂടുതല്‍ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് റിപ്പോർട്ട്.  2021ൽ വീണ ജോർജിന്റെ തെരഞ്ഞെടുപ്പ്   കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസിലെ 6 പ്രതികളിൽ ഒരാളാണ് സുധീഷ് . ഹെൽമറ്റും കമ്പി വടിയും കൊണ്ടാണ് മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ സുധീഷ് ഉൾപ്പെടെ ആറു പേർ ആക്രമിച്ചത്. ഇതു കൂടാതെ മലയാലപ്പുഴയ്ക്ക് സമീപം താമസിക്കുന്ന ദളിത് കുടുംബത്തെ 2021ഓഗസ്റ്റിൽ വീട് കയറി ആക്രമിച്ചതിലും സുധീഷ് പ്രതിയാണ്. എസ്എഫ്ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന വിവരം ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തു വന്നിരുന്നു.

അതേ സമയം വധശ്രമത്തിന് സുധീഷിനെതിരെ കേസെുണ്ടെന്നും സുധീഷ് ഒളിവിൽ ആണെന്നുമാണ് പോലീസ് പറയുന്നത്. ഇയാളെ കണ്ടെത്തിയാല്‍ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി അജിത്ത് പറഞ്ഞു.

കാപ്പാ കേസ് പ്രതിയായിരുന്ന ശരൺ ചന്ദ്രനൊപ്പം കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുധീഷ് അടക്കം 70ഓളം പേര്‍ സിപിഎമ്മിൽ ചേർന്നത്. ശരൺ ചന്ദ്രൻ ഉൾപ്പടെയുളളവരെ പൂമാലയിട്ട് പാർട്ടിയിലേക്ക് ജില്ലാ സെക്രട്ടറിയുടെയും മന്ത്രി വീണാ ജോർജിന്റെയും നേതൃത്വത്തിൽ സ്വീകരിച്ചത് വിവാദമായിരുന്നു. ഇവര്‍ക്കൊപ്പം പാർട്ടിയിലെത്തിയ യദു കൃഷ്ണനെ കഞ്ചാവുമായി കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയിരുന്നു.