വെറൈറ്റി ഫോട്ടോകളുമായി എംടിക്ക് മമ്മൂട്ടിയുടെ പിറന്നാൾ ആശംസകൾ

‘പ്രിയപ്പെട്ട എം.ടി സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ 91-ാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻനായർക്ക് ആശംസകള്‍ നേര്‍ന്ന് ഈ വാക്കുകള്‍ക്കൊപ്പം മമ്മൂട്ടി ഫെയ്‌സ്ബുക്കിൽ പങ്ക് വെച്ച ഫോട്ടോകള്‍ ശ്രദ്ധേയമാകുന്നു. 2 ഫോട്ടോകളാണ് മമ്മൂട്ടി പങ്ക് വെച്ചത്. മമ്മൂട്ടിയും കുടുംബവും എം.ടി. വാസുദേവൻ നായരും കുടുംബവുമാണ് ആദ്യ ചിത്രത്തില്‍ ഉള്ളത്. രണ്ടാമത്തെ ചിത്രത്തിൽ മമ്മൂട്ടിയും എം.ടിയും മാത്രമാണുള്ളത്.

എംടി പിറന്നാളാഘോഷ സമയത്ത് കോഴിക്കോട് അല്ല, എറണാകുളത്താണ് ഉള്ളത്. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട് എം.ടി.വാസുദേവൻ നായർ കഴിഞ്ഞ ദിവസം കുടുംബ സമേതം സന്ദർശിച്ചിരുന്നു. അപ്പോൾ എടുത്ത ഫോട്ടോകൾ ആണ് മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചത്. ആദ്യ ചിത്രത്തിൽ എം.ടിയുടെ കുടുംബത്തിനൊപ്പം മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, ദുൽഖർ സൽമാൻ, ഭാര്യ അമാൽ, ഇവരുടെമകൾ എന്നിവരാണുള്ളത്.

എക്കാലത്തെയും മികച്ച കുറെ ചിത്രങ്ങളാണ് എംടിയും മമ്മൂട്ടിയും ചേർന്ന് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ആസാദ് സംവിധാനം ചെയ്‌ത്‌ എം.ടി തിരക്കഥയെഴുതിയ ‘വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ’ ആയിരുന്നു ഈ കൂട്ടുകെട്ടിലെ ആദ്യ ചിത്രം. പിന്നീട് തൃഷ്ണ, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, ഒരു വടക്കൻ വീരഗാഥ, ഉത്തരം, സുകൃതം, പഴശ്ശിരാജ എന്നീ ചിത്രങ്ങളും ഈ അതുല്യ പ്രതിഭകളുടെ കൂട്ടുകെട്ടില്‍ പിറന്നു. ഇതിൽ വടക്കൻ വീരഗാഥയിലൂടെ ആ വർഷത്തെ മികച്ച തിരക്കഥയ്ക്കും നടനുമുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്ക‌ാരങ്ങൾ എം.ടിയും മമ്മൂട്ടിയും നേടിയിരുന്നു.