സ്ഥിരമായി ശനിയാഴ്ചകളിൽ പാമ്പ് കടിക്കും, ഓരോ തവണയും യുവാവ് രക്ഷപ്പെടും

ഒരാളെ എല്ലാ ശനിയാഴ്ചകളിലും പാമ്പ് സ്ഥിരമായി കടിക്കുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കുമോ.. എന്നാൽ ഇത്തരത്തിൽ വിചിത്രമായ സംഭവം നടന്നത് ഉത്തർപ്രദേശിലെ ഫത്തേപ്പുരിലാണ്. വികാസ് ദുബേ എന്ന യുവാവിനെ 40 ദിവസത്തിനിടെ ഏഴു തവണയാണ് പാമ്പ് കൊത്തിയത്.

‘തന്നെ പാമ്പ് കടിച്ചു, ഇതു കൊണ്ട് ചികിത്സയ്ക്ക് ഒരു പാട് പണം ചെലവായി എന്നും പറഞ്ഞ് യുവാവ് കലക്ടറേറ്റിൽ വന്ന് സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ഗവ. ആശുപത്രികളിൽ പാമ്പ് കടിക്കായി ആന്റി സ്നേക് വെനം സൗജന്യമായി ലഭിക്കുമെന്ന് യുവാവിനോട് പറഞ്ഞിരുന്നു” എന്ന് ചീഫ് മെഡിക്കൽ ഓഫീസർ രാജീവ് നയൻ ഗിരി വെളിപ്പെടുത്തി.

“എല്ലാ ശനിയാഴ്ചയും പാമ്പ് കടിയേല്‍ക്കുന്ന യുവാവിനെ ഒരേ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. ഒരു ദിവസം കൊണ്ട് തന്നെ എല്ലാം ഭേദമായി അയാൾ പുറത്തു വരുന്നു. ഇതെല്ലാം വളരെ വിചിത്രമായ കാര്യമാണ്. ഇയാളെ പാമ്പ് തന്നെയാണ് കടിച്ചത് എന്നതിനെക്കുറിച്ച് സ്ഥിരീകരിക്കേണ്ടതുണ്ട്. കൂടാതെ ഇയാളെ ചികിത്സിച്ച ഡോക്ടറുടെ കാര്യക്ഷമതയും പരിശോധിക്കേണ്ടതുണ്ട് ” എന്നും ഡോ. രാജീവ് നയന്‍ഗിരി ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാനായി ഡോക്ടര്‍മാരുടെ മൂന്നംഘ വിദഗ്ധ സംഘത്തിന് രൂപം നൽകിയതായും ഡോക്ടർ കൂട്ടിച്ചേർത്തു.