PSC കോഴ വിവാദം ; പ്രമോദ് കോട്ടൂളിയെ CPM പുറത്താക്കി

കോഴിക്കോട് ; പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന വിവാദത്തില്‍ ആരോപണ വിധേയനായ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അം​ഗം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാർട്ടിക്ക് ചേരാത്ത പ്രവർത്തനം നടത്തിയെന്ന് കമ്മിറ്റിയിൽ വിമർശനം ഉയര്‍ന്നു. കർശന നടപടി ഉറപ്പാക്കണമെന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദ്ദേശത്തിലാണ് ഇന്ന് യോ​ഗത്തിൽ ചർച്ച നടന്നത്.

ജില്ലാ കമ്മിറ്റി അംഗങ്ങളിൽ ഒരു വിഭാഗം നടപടിക്കെതിരായി നില കൊണ്ടെങ്കിലും സംസ്ഥാന നേതൃത്വം നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ച് ആണ് പാർട്ടിയിൽ നിന്ന് പ്രമോദ് കോട്ടൂളിയെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്. തനിക്കെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന് പ്രമോദ് കോട്ടൂളി ജില്ലാ സെക്രട്ടറിയേറ്റിന് നൽകിയ വിശദീകരണത്തിൽ പറയുന്നുണ്ട്. എന്നാൽ പൊതുമരാമത്ത് മന്ത്രി റിയാസ് അടക്കമുളളവർ കോഴ ആരോപണത്തിൽ കർശന നടപടി വേണമെന്ന നിലപാട് എടുത്തുവെന്നാണറിയുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണൻ, മുഹമ്മദ് റിയാസ് തുടങ്ങിയവർ പങ്കെടുത്തിരുന്നു.

സര്‍ക്കാരിനെയുംസിപിഎമ്മിനെയും വലിയ വിവാദത്തിലാക്കിയ വിഷയമായിരുന്നു പിഎസ്‌സി അംഗത്വ കോഴ ആരോപണം. ആരോപണത്തിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടിയിരുന്നു. അതേ സമയം കോഴ ആരോപണം മാധ്യമ സൃഷ്ടി മാത്രമാണെന്നായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം. എന്നാല്‍ ആരോപണത്തിൽ സിപിഎം ഇപ്പോള്‍ കടുത്ത നടപടി എടുത്തിരിക്കുകയാണ്.

മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം ശരിയാക്കാമെന്ന് വാഗ്ദാനം നൽകി വനിതാ ഡോക്ടറില്‍ നിന്ന് പണം വാങ്ങിയെന്നാണ് പ്രമോദ് കോട്ടൂളിക്കെതിരെ ഉയ‍ർന്ന പരാതി. 60 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും ആദ്യ ഘഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നതായാണ് റിപ്പോർട്ട്. എന്നാല്‍ വിവാദമായതോടെ പണം തിരികെ നല്‍കി പരാതി പിന്‍വലിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.