ഇന്നലെ വിഴിഞ്ഞത്തെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തിയ ദിവ്യ എസ് അയ്യരുടെ വാക്കുകളാണ് ഇപ്പോള്‍ സൈബർ ഇടങ്ങളിലെ പ്രധാന ചർച്ചാ വിഷയം. ഇതില്‍ ദിവ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ച നടക്കുമ്പോൾ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ. സരിൻ.
‘വൻകിട പദ്ധതികൾ എല്ലാം കടലാസിൽ ഒതുങ്ങുന്ന കാലഘട്ടം ഇന്ന് മറന്നിരിക്കുന്നു’ എന്നായിരുന്നു വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ദിവ്യ എസ് അയ്യർ പറഞ്ഞത്.
എന്നാല്‍ ഇതിന് തിരുത്തുമായാണ് സരിന്‍ രംഗത്തെത്തിയത്. ‘മിടുക്കരായ ഐഎഎസ് ഉദ്യോഗസ്ഥർ കേരളത്തിൽ പണിയെടുത്തിട്ടുണ്ടെന്നും അവരോട് ചോദിച്ചാൽ കേരളത്തെ നയിച്ച ദീർഘവീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകൾ പറയുമെന്നും’ സരിൻ എഫ് ബി പോസ്റ്റില്‍ പറയുന്നു. പ്രായവും അനുഭവവും ചെറുതായത് കൊണ്ടാണ് ഇത്തരം ധാരണപ്പിശകുകൾ ഉണ്ടാകുന്നത് എന്നും സരിര്‍ ദിവ്യയെ രൂക്ഷമായി വിമര്‍ശിക്കുന്നു. ‘തിരുത്തുമല്ലോ’ എന്ന ചോദ്യത്തോടെയാണ് സരിന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്‍റെ പൂര്‍ണ രൂപം
‘പ്രിയപ്പെട്ട ദിവ്യ, കടലാസിൽ ഒതുങ്ങാതെ പുറം ലോകം കണ്ട ഒട്ടനവധി പദ്ധതികൾ ഈ കേരളത്തിൽ മുൻപും നടപ്പിലാക്കിയിട്ടുണ്ട്. ലിസ്റ്റ‌് ഞാനായിട്ട് പറയുന്നില്ല. ഒന്ന് മാത്രം പറയാം : മുൻപും മിടുക്കരായ IAS ഉദ്യോഗസ്ഥർ കേരളത്തിൽ പണിയെടുത്തിട്ടുണ്ട്. അവരോട് ചോദിച്ച് നോക്കിയാൽ മതി പറഞ്ഞു തരും, കേരളത്തെ നയിച്ച ദീർഘ വീക്ഷണമുള്ള മുഖ്യമന്ത്രിമാരുടെ പേരുകൾ. പ്രായവും അനുഭവവും ചെറുതായതു കൊണ്ടാണ് ഇത്തരം ധാരണപ്പിശകുകൾ ഉണ്ടാകുന്നത്. തിരുത്തുമല്ലോ ‘ – ഡോ. സരിന്‍
അതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതിന് പിന്നാലെ ദിവ്യ എസ് അയ്യരുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ കെ എസ് ശബരിനാഥന്റെ ഫെയ്‌സ് ബുക്ക് പേജിലും കോൺഗ്രസ് അണികള്‍ രൂക്ഷ വിമര്‍ശനമാണ് കമന്‍റുകളിലൂടെ ഉന്നയിക്കുന്നത്.
” ചേട്ടാ.. ഭാര്യയോട് ഉമ്മൻചാണ്ടി വിഴിഞ്ഞത്തിനു വേണ്ടി കഷ്‌ടപെട്ടത് ഒന്ന് പറഞ്ഞു കൊടുക്കണെ, വീട്ടിലുള്ളവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം എന്താണ് പിണറായിസം, നിങ്ങളുടെ അഭിപ്രായം ഭാര്യയുടെ അഭിപ്രായം തന്നെയാണോ? ”,
”ഇനി പോസ്‌റ്റർ ഒട്ടിക്കാൻ ആരെയും നോക്കണ്ട” എന്നിങ്ങനെ പോകുന്നു ദിവ്യ എസ് അയ്യര്‍ക്കെതിരായ വിമര്‍ശനങ്ങള്‍.