നിധി കണ്ടെത്തിയ സ്‌ഥലത്ത് വീണ്ടും നിധി, ബോംബാണെ ന്നാണ് ആദ്യം കരുതിയതെന്ന് തൊഴിലാളികള്‍

കണ്ണൂർ; ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ ഇന്നലെ നിധി കണ്ടെത്തിയ സ്‌ഥലത്ത് വീണ്ടും നിധി. ഇന്ന് രണ്ട് തവണയായി 4 വെള്ളി നാണയവും ഒരു സ്വർണ മുത്തുമാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടെത്തിയത്. അതേ സമയം, ഇന്നലെ കണ്ടെടുത്ത ആഭരണങ്ങൾ പോലീസ് കോടതിയിൽ ഹാജരാക്കി. വസ്തുക്കൾ പുരാവസ്തു വകുപ്പ് വിശദമായി പരിശോധിച്ചു വരികയാണ്. ആഭരണങ്ങളുടെ കാലപ്പഴക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് പുരാവസ്തു വകുപ്പ്. കിട്ടിയത് സ്വർണം തന്നെയാണോ അതോ സ്വര്‍ണം പൂശിയതാണോ എന്നും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.

പരിപ്പായി ഗവ. എൽപി സ്‌കൂളിനടുത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്നാണ് നിധി കിട്ടിയത്. മഴക്കുഴി എടുത്തു കൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് നിധി കണ്ടത്.     17 മുത്തുമണികൾ,13 സ്വർണ പതക്കങ്ങൾ, കാശി മാലയുടെ നാല് പതക്കങ്ങൾ,ഒരു സെറ്റ് കമ്മൽ, വെള്ളി നാണയങ്ങൾ എന്നിവയാണ് കിട്ടിയത്. മുക്കാല്‍ അടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് നിധി കണ്ടെത്തിയത്.

ബോംബാണെന്ന് കരുതി ഭയത്തോടെയാണ് പാത്രം തുറന്ന് നോക്കിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഓട്ടു പാത്രത്തിനുള്ളിൽ സൂക്ഷിച്ച നിലയിലാണ് സ്വർണ ലോക്കറ്റുകളും നാണയങ്ങളും മുത്തുകളും ഉണ്ടായിരുന്നത്. ഇവർ ഉടൻ തന്നെ വിവരം പഞ്ചായത്തിൽ അറിയിക്കുകയും പഞ്ചായത്ത് പൊലീസിനെ അറിയിക്കുകയുമായിരുന്നു.