ഉത്സവാന്തരീക്ഷത്തിൽ വിഴിഞ്ഞം തുറമുഖം, ആദ്യ കപ്പലിന് ഔദ്യോഗിക സ്വീകരണം

തിരുവനന്തപുരം: കേരളത്തിന് ചരിത്ര മുഹൂര്‍ത്തം സമ്മാനിച്ച് വിഴിഞ്ഞം തുറമുഖം. തുറമുഖത്തേക്ക് ആദ്യമായെത്തിയ മദർഷിപ്പ് സാൻ ഫെർണാൻഡോയെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സർവാനന്ത സോനോവാളും ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു. ആദ്യ മദർഷിപ്പ് എത്തിയതിന്റെ ശിലാഫലകം മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു.
കപ്പലിലെ ക്യാപ്റ്റനും ജീവനക്കാർക്കും മന്ത്രിമാർ ഉപഹാരം നൽകി.

അദാനി പോർട്സ്‌ സിഇഒ കരൺ അദാനി, മന്ത്രിമാരായ വി.എന്‍ വാസവന്‍, വി.ശിവന്‍കുട്ടി,കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, കെ രാജൻ, സ്പീക്കര്‍ എ.എന്‍ ഷംസീര്‍, വിന്‍സന്‍റ് എംഎല്‍എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി വേണു ,വിഴിഞ്ഞം ഇടവക വികാരി മോൻസിഞ്ഞോർ നിക്കോളാസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിലേക്കുള്ള ക്ഷണം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നിരസിച്ചിരുന്നു. പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിൽ വിമർശനമുയർന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

ചൈനയിലെ ഷിയാമിൻ തുറമുഖത്ത് നിന്ന് വിഴിഞ്ഞത്തെത്തിയ കപ്പലിൽ 2000ലധികം കണ്ടെയ്നറുകളാണുള്ളത്. ഇതുവരെ 500ഓളം കണ്ടെയ്നറുകൾ ബെർത്തിലേക്ക് ഇറക്കി കഴിഞ്ഞു. ഇന്ന് വൈകീട്ടോടെ സാൻ ഫെർണാൻഡോ യൂറോപ്പിലേക്ക് തിരിക്കും എന്നാണ് അറിയിച്ചിരുന്നത്. കപ്പൽ പുറപ്പെട്ടു കഴിഞ്ഞാൽ മാരിൻ അസൂർ, സീസ്പാൻ സാൻഡോസ് എന്നിങ്ങനെ രണ്ട് ഫീഡർ വെസലുകൾ കൂടി വിഴിഞ്ഞതെത്തും. രണ്ടു മാസം ട്രയൽറൺ തുടരുമെന്നും സെപ്തംബറോടെ തുറമുഖം കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.