പോലീസ് അസോസിയേഷൻ മീറ്റിങ്ങിനിടെ തെറി വിളി, SIമാർക്കെതിരെ അന്വേഷണം

കണ്ണൂര്‍; കേരള പോലീസ് അസോസിയേഷൻ ഓൺലൈൻ മീറ്റിംഗിൽ കയറി തെറി വിളിച്ച കണ്ണൂര്‍ സൈബർ സെൽ
എസ് ഐ മാരായ പ്രജീഷിനും സജി ഫിലിപ്പിനും എതിരെ അന്വേഷണം. സംഭവ സമയം ഇരുവരും മദ്യപിച്ചിരുന്നതായി ആരോപണമുണ്ട്. ഇരുവരും പോലീസ് അസോസിയേഷനിൽ അംഗങ്ങളല്ലെന്നും അറിയുന്നു. കെപിഎ സംസ്ഥാന സമ്മേളന കാര്യങ്ങൾ വിശദീകരിക്കാൻ വേണ്ടിയായിരുന്നു ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചത്. മീറ്റിങ്ങിൽ സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്നതിനിടെയാണ് പോലീസുകാരുടെ ജോലി സമ്മർദ്ദം കുറയ്ക്കാനായി യൂണിയൻ ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞ് ഇവര്‍ തെറി വിളി തുടങ്ങിയത്. ഇതിനെതിരെ അസോസിയേഷന്‍ നേതാവ് പരാതി നല്‍കിയിട്ടുണ്ട്. ഓൺലൈൻ മീറ്റിങ്ങിൽ കയറാനായി ഔദ്യോഗിക കമ്പ്യൂട്ടർ ആണ് ഉപയോഗിച്ചത് എന്നും ആരോപണം ഉണ്ട്. ലിങ്ക് ചോർത്തുക എന്ന ലക്ഷ്യം വെച്ചു കൊണ്ടാണത്രെ ഇരുവരും മീറ്റിങ്ങിൽ കയറിയത്.

ജോലിയിൽ പോലീസുകാർ അനുഭവിക്കുന്ന സമ്മർദ്ദത്തിലുള്ള അസ്വസ്ഥത പ്രകടിപ്പിക്കലാണ് ഇവരുടെ ലക്ഷ്യം എന്നാണ് പറയുന്നത്. ഡ്യൂട്ടി ടൈമിൽ ഷർട്ട് ഇടാതെ ഓഫീസിൽ ഇരുന്നതിനെക്കുറിച്ചും തെറി വിളിച്ച സംഭവത്തെക്കുറിച്ചും കാര്യമായ അന്വേഷണം നടത്താൻ ആണ് വകുപ്പ് തല തിരുമാനം. തെറി വിളി വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.