തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ ഗൂഢാലോചന നടത്തിയത് അന്നത്തെ സ്പെഷൽ ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ എസ്. വിജയനാണെന്ന് സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍. മാലി വനിത മറിയം റഷീദയെ വിജയൻ കടന്നുപിടിക്കാൻ ശ്രമിച്ചത് അവർ എതിർത്തതാണ് ഗൂഢാലോചനയിലേക്ക് നീങ്ങിയതെന്നാണ്
ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തില്‍
സി.ബി.ഐ പറയുന്നത്
” 1994 ഒക്ടോബർ 10-ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിലെത്തിയ മറിയം റഷീദ, ഫൗസിയ ഹസ്സൻ എന്നിവരുടെ പാസ്പോർട്ടും ടിക്കറ്റും സ്പെഷൽബ്രാഞ്ച് സി.ഐ. ആയിരുന്ന വിജയൻ വാങ്ങിവെച്ചു. രണ്ടു ദിവസത്തിന് ശേഷം വിജയൻ മറിയം റഷീദ താമസിച്ച ഹോട്ടലിലെത്തി അവരെ കടന്നുപിടിക്കാൻ ശ്രമിച്ചു. ഇത് അവർ എതിർത്തു. അവിടെനിന്ന് മടങ്ങിയ വിജയൻ അവർ എൽ.പി.എസ്.സി.യിലെ ഒരു ശാസ്ത്രജ്ഞനുമായി നിരന്തരം ബന്ധപ്പെടുന്നുവെന്ന് മനസ്സിലാക്കുകയും ഇക്കാര്യം സിറ്റി പോലീസ് കമ്മിഷണർ ആയിരുന്ന ആർ. രാജീവനെയും എസ്.ഐ.ബി. അസിസ്റ്റന്റ് ഡയറക്ടറായ ആർ.ബി. ശ്രീകുമാറിനെയും അറിയിക്കുകയും ചെയ്തു. ഒക്ടോബർ 17-വരെ വിസയും ടിക്കറ്റും മടക്കി നൽകാതെ അവരെ തടഞ്ഞുെവച്ച വിജയൻ ഫോറിനേഴ്സ് ആക്ട് പ്രകാരം മറിയത്തിനെതിരേ കേസെടുത്തു. 20-ന് ഓഫീസിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു ” – സി.ബി.ഐ കുറ്റപത്രത്തില്‍ ഇങ്ങനെ പറയുന്നു
അടുത്ത ദിവസം മുതൽ ചാരക്കേസ് കഥകൾ മാധ്യമങ്ങളിൽ പ്രചരിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. മറിയം റഷീദയെ അറസ്റ്റുചെയ്ത് 23 ദിവസം കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തത്. എങ്ങനെയാണ് വാർത്ത ലഭിച്ചിരുന്നതെന്ന് മാധ്യമപ്രവർത്തകരോട് ചോദിച്ചപ്പോൾ വിവരങ്ങൾ ലഭ്യമാക്കിയത് വിജയനാണെന്ന് വ്യക്തമായി.ആദ്യ അറസ്റ്റ് മുതൽ 12 ദിവസം പോലീസ് കസ്റ്റഡി ലഭിച്ചിട്ടും വിജയൻ കൂടുതൽ ദിവസം കസ്റ്റഡി വേണമെന്ന ആവശ്യം ഉന്നയിച്ചെന്ന് അന്നത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഹബീബുള്ള മൊഴി നൽകി. നിയമപരമായി അതിന് സാധ്യതയില്ലെന്ന് വ്യക്തമാക്കിയപ്പോൾ കസ്റ്റഡി കാലാവധി തീരുന്നതിന് തൊട്ടുമുൻപ് ചാരക്കേസ് രജിസ്റ്റർ ചെയ്തെന്നും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു