പന്നിയുടെ വൃക്കയും കൃത്രിമ ഹൃദയ പമ്പും വെച്ചു പിടിപ്പിച്ച ലിസ മരണത്തിന് കീഴടങ്ങി

ന്യൂയോർക്ക്: ഒരേ സമയം കൃത്രിമ ഹൃദയ പമ്പും വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയക്കും വിധേയയായ ലിസാ പിസാനോ (54) മരണത്തിന് കീഴടങ്ങി. ഇവരുടെ ഹൃദയവും വൃക്കയും ഒരുപോലെ തകരാറിലായിരുന്നു. ഏപ്രിൽ 4ന് ഹൃദയ ശസ്ത്രക്രിയയും 12ന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും നടത്തിയിരുന്നു. മനുഷ്യ ദാതാവിൽ നിന്ന് അവയവ മാറ്റം എന്നത് ഇവരുടെ കാര്യത്തിൽ സാധ്യമായിരുന്നില്ല. അതുകൊണ്ട് ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്കയും കൃത്രിമ ഹൃദയ പമ്പുമാണ് ഇവർക്ക് വെച്ചു പിടിപ്പിച്ചത്.

സർജറി കഴിഞ്ഞ് 47 ദിവസത്തിനു ശേഷം ഇവരിൽ നിന്ന് ജനിതകമാറ്റം വരുത്തിയ അവയവം എടുത്തു മാറ്റിയിരുന്നു. സ്വാഭാവിക രീതിയിലുള്ള രക്ത ചംക്രമണത്തിന് തടസ്സമാകുന്നതു മൂലമായിരുന്നു അവയവം മാറ്റിയത്. നടത്തിയ രണ്ട് ശസ്ത്രക്രിയകൾക്കും മുന്നേ തന്നെ 54 കാരിയുടെ ഹൃദയം തകരാറിലായിരുന്നു. എല്ലാ ദിവസവും ഡയാലിസിസ് വേണമെന്ന അവസ്ഥയിലായിരുന്നു ഇവരുടെ വൃക്കയുടെ സ്ഥിതി എന്ന് ന്യൂയോർക്കിലെ ലാൻഗോൺ ട്രാൻസ്പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോക്ടർ റോബർട്ട് പറയുന്നു.

ലോകത്തിൽ ജനിതകമാറ്റം വരുത്തിയ കിഡ്നി വെച്ച് പിടിപ്പിച്ച രണ്ടാമത്തെ ആളാണ് ലിസ. തനിച്ചൊന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയിൽ ആയത് കൊണ്ടും അവസ്ഥയിൽ എന്തെങ്കിലും മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നതിനാലും ആണ് ഇത്തരമൊരു ശസ്ത്രക്രിയ്ക്കായി മുന്നോട്ടു വന്നത് എന്ന് ലിസ പറയുന്നു. ആരോഗ്യമേഖലയ്ക്ക് ലിസ നൽകിയ സംഭാവന വലുതാണെന്നും അവർക്ക് നല്ല ധൈര്യം ഉണ്ടെന്നും ഡോ റോബർട്ട് വിശദമാക്കി.അമേരിക്കയിൽ അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുന്നത് 10400 പേരാണ്. ഇതിൽ വൃക്ക സംബന്ധമായ തകരാറാണ് 80 ശതമാനത്തോളം പേർക്കും ഉള്ളത്.