മദ്യപിച്ച് എത്തിയ ഭർത്താവിനെ ഭാര്യ വെട്ടി, കുളത്തില്‍ ചാടി

കൊല്ലം: വീട്ടിൽ മദ്യപിച്ച് വന്ന് പ്രശ്നമുണ്ടാക്കിയ ഭർത്താവിനെ ഭാര്യ വെട്ടിപ്പരുക്കേൽപ്പിച്ചു. കുമ്മിൾ വട്ടത്താമര തടത്തരിക്കത്ത് വീട്ടിൽ ഷീലയാണ് ഭർത്താവ് രാമചന്ദ്രനെ(63) വെട്ടിപ്പരുക്കേൽപ്പിച്ചത്. ഇതിനു ശേഷം ഷീല കുളത്തിലേക്ക് ചാടുകയായിരുന്നു. ഇവരെ അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്.

അമിതമായി മദ്യപിക്കുന്ന രാമചന്ദ്രനെ ലഹരി വിമുക്ത കേന്ദ്രത്തിൽ ആറുമാസം മുമ്പ് പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. അതിനുശേഷം കുറെ നാളത്തേക്ക് മദ്യപാനം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ രാമചന്ദ്രൻ വീണ്ടും മദ്യപിച്ച് പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി. മദ്യപിച്ച് വീട്ടിൽ എത്തി തന്നെ മർദ്ദിക്കാറുണ്ടെന്നും, ഇതിൽ പ്രകോപിതയായാണ് താൻ വെട്ടിയതെന്നും ഷീല പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ദമ്പതികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.