പിഎസ് സി അംഗത്വ കോഴ;പരാതിയിൽ നിന്ന് പിന്മാറി വനിതാ ഡോക്ടർ

പിഎസ് സി അംഗത്വ നിയമനത്തിനായി കോഴ വാങ്ങിയെന്ന പരാതിയിൽ നിന്ന് പിൻവാങ്ങി വനിതാ ഡോക്ടർ. ആരോപണ വിധേയനായ ഏരിയാ കമ്മറ്റിയംഗം പ്രമോദ് കോട്ടൂളിക്കെതിരെ പാര്‍ട്ടി നടപടിക്ക് ഒരുങ്ങുന്നതിനിടെയാണ് കോഴിക്കോട് സ്വദേശിയായ വനിതാ ഡോക്ടർ പിന്മാറിയത്. തനിക്കെതിരെ കോഴ ആരോപണം ഇല്ലെന്ന് വാദിച്ച് പ്രമോദ് കോട്ടുളിയും രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം വിഷയം ചർച്ച ചെയ്യാനായുള്ള സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് യോഗം മാറ്റിവെച്ചു

പിഎസ്‌സി അംഗത്വത്തിനായി ആവശ്യപ്പെട്ട 60 ലക്ഷം രൂപയിൽ 20 ലക്ഷം രൂപയാണ് വനിതാ ഡോക്ടറും ഭർത്താവും നൽകിയത്. മറ്റു ചിലവുകൾക്കായി 2 ലക്ഷം രൂപയും കൈമാറിയെന്ന് പറയുന്നു. പിഎസ്‌സി അംഗത്വം കിട്ടാതെ വന്നതോടെ ആയുഷ മിഷനിൽ ഉയർന്ന തസ്തിക വാഗ്ദാനം ചെയ്തു. ഇതും ലഭിക്കാതെ വന്നതോടെയാണ് ഇവര്‍ പരാതിയുമായി പാർട്ടിയെ സമീപിച്ചത്. സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിൽ പ്രമോദ് കോട്ടൂളിക്കെതിരെ നടപടി എടുക്കാന്‍ ഒരുങ്ങവേയാണ് പരാതി കെട്ടു കഥയാണെന്ന് വനിതാ ഡോക്ടറും ഭർത്താവും വ്യക്തമാക്കുന്നത്.

നൽകാത്ത ഒരു പരാതിയെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ ഇല്ലെന്നും ഇവർ പറയുന്നു. അതിനിടെ വിഷയത്തിൽ പാർട്ടി തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഇല്ലാത്ത പരാതിയെ കുറിച്ചാണ് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നതെന്നും ഇക്കാര്യത്തിൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു.