രാഹുലിന്റെ പോസ്റ്ററുകൾ വികൃതമാക്കി, കോൺഗ്രസ് ഓഫീസ് ആക്രമിച്ചു..

ഗുജറാത്തിലെകോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ.  ആക്രമണത്തിന്റെ വീഡിയോ വിഎച്ച്പി പങ്ക് വെക്കുകയും ചെയ്തു.   ലോക്സഭയില്‍ ഇന്നലെ
രാഹുൽ ഗാന്ധി നടത്തിയ ‘ഹിന്ദു’ പരാമർശത്തിന് പിന്നാലെയാണ് ആക്രമണം. രാഹുലിന്റെ പോസ്റ്ററുകൾ വികൃതമാക്കുകയും മഷി തേക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, രാഹുലിന്‍റെ ലോക്സഭാ പ്രസംഗത്തിലെ വിവാദ ഹിന്ദു, അഗ്നിവീർ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്നും നീക്കി. ബിജെപിക്കും ആർഎസ്എസിനും എതിരായുള്ള പരാമർശങ്ങളും നീക്കിയിട്ടുണ്ട്.

ഹിന്ദുക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന പലരും അഹിംസയുടെയും അക്രമത്തിന്റെയും മാർഗങ്ങൾ സ്വീകരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. തുടര്‍ന്ന്, രാഹുല്‍ ഹിന്ദുക്കളെ അപമാനിച്ചെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. രാഹുലിന്റെ പരാമർശം പരിശോധിക്കണമെന്നും രേഖകളില്‍ നിന്ന് നീക്കണമെന്നും പാർലമെന്ററി കാര്യ മന്ത്രിയടക്കം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സഭാരേഖകളിൽ നിന്ന് പരാമർശം നീക്കിയത്. വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്നതല്ല ഹിന്ദുത്വം എന്നുപറഞ്ഞ് ലോക്‌സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തി കാണിക്കുകയും ചെയ്തിരുന്നു.