സംസ്ഥാന ഡിജിപി ഷെയ്ക് ദര്‍വേസ് സാഹിബിനെതിരെ അന്വേഷണം തുടങ്ങി ആഭ്യന്തര വകുപ്പ്. ഭൂമി വില്‍പ്പന വിവാദവുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
വായ്പാ ബാധ്യതയുള്ള ഭൂമി വില്‍ക്കുന്നതിനായി കരാര്‍ ഉണ്ടാക്കിയെന്ന് തിരുവനന്തപുരം വഴുതക്കാട് സ്വദേശി പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് വില്‍പ്പന കരാര്‍ ലംഘിച്ചെന്ന പരാതിയില്‍ ഷെയ്ക് ദര്‍വേസ് സാഹിബിന്റെ ഭാര്യ ഫരീദാ ഫാത്തിമയുടെ പേരിലുളള ഭൂമി ക്രയവിക്രയം ചെയ്യുന്നത് കഴിഞ്ഞ ദിവസം കോടതി തടഞ്ഞിരുന്നു.
അന്വേഷണത്തിന്‍റെ ഭാഗമായി പരാതിക്കാരനായ ഉമര്‍ ഷരീഫില്‍ നിന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രേഖകള്‍ ശേഖരിച്ചു. അഡ്വാന്‍സായി വാങ്ങിയ 30 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. പണം പരാതിക്കാരന് തിരികെ കൊടുക്കുമ്പോള്‍ ജപ്തി നടപടി ഒഴിവാകുമെന്നാണ് കോടതി ഉത്തരവ്. അതിനിടെ പരാതിക്കാരന് പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിലാണ് DGPയുടെ കുടുംബമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.