ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ എൻജിനും ബോ​ഗിയും വേർപെട്ടു..

തൃശ്ശൂർ: വള്ളത്തോൾ നഗറിന് സമീപം ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ എൻജിനും ബോഗിയും വേർപെട്ടു. സ്റ്റേഷനടുത്തായതിനാല്‍ ട്രെയിനിന്‍റെ വേഗത കുറവായിരുന്നു. ഇതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. എറണാകുളത്തുനിന്ന് ടാറ്റാ നഗറിലേക്ക് പുറപ്പെട്ട എറണാകുളം ടാറ്റാ നഗർ എക്സ്പ്രസിന്റെ എൻജിനും ബോഗിയുമാണ് വേർപെട്ടത്. വള്ളത്തോൾ നഗറിന് സമീപം പതിനഞ്ചാം പാലത്തിന് അടുത്ത് വെച്ചായിരുന്നു സംഭവം.

എൻജിനും ബോഗിയും കൂട്ടി യോജിപ്പിച്ച് വള്ളത്തോൾ നഗർ സ്റ്റേഷനിൽ എത്തിച്ച് പരിശോധന നടത്തി. ബോഗിക്കുള്ളിലെ വൈദ്യുതി ബന്ധം കൃത്യമായി പ്രവർത്തിക്കാത്തതിനാൽ ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.