മതിയായ സുരക്ഷയില്ല അങ്കണവാടി കെട്ടിടത്തിൽ നിന്നു വീണ് 4 വയസുകാരിക്ക് ഗുരുതര പരിക്ക്

ഇടുക്കി: ഇടുക്കി കല്ലാറിൽ അങ്കണവാടി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് താഴെ വീണ നാലു വയസ്സുകാരിക്ക് തലയ്ക്ക് ഗുരുതര പരിക്ക്. 20 അടിയോളം താഴ്ചയിലേക്കാണ് കുട്ടി വീണത്. കുട്ടിയെ രക്ഷിക്കാനായി താഴേക്കെടുത്ത് ചാടിയ അങ്കണവാടി അധ്യാപികക്കും പരിക്കേറ്റുണ്ട്.
ആന്റോ – അനീഷ ദമ്പതികളുടെ മകള്‍ മെറീനക്കാണ് പരിക്കേറ്റത്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

2018-ൽ പ്രളയമുണ്ടായതിനെ തുടർന്നാണ് അങ്കണവാടി രണ്ടാം നിലയിലേക്ക് മാറ്റിയത്. താഴത്തെ നില കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനാണ് ഉപയോഗിക്കുന്നത്. രണ്ടാം നിലയിൽ ഓടിക്കളിക്കുന്നതിനിടെയായിരുന്നു കുട്ടി താഴേക്ക് വീണത്. അപകടകരമായ വിധത്തിലാണ് അങ്കണവാടിയുടെ കൈവരികൾ സ്ഥാപിച്ചതെന്ന് പരാതിയുണ്ട്. കുട്ടികളുടെ കാര്യത്തിൽ അതീവ ശ്രദ്ധ കാണിക്കേണ്ട ഇടത്താണ് ഗുരുതര വീഴ്ച നടന്നിരിക്കുന്നത്. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി.