അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും.. കണ്ണൂരില്‍ മരണം

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കണ്ണൂരിലെ 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരിച്ചു. തോട്ടടയിലെ ധന്യ രാഗേഷ് ദമ്പതിമാരുടെ മകൾ ദക്ഷിണയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ചർദ്ദിയും തലവേദനയും ബാധിച്ച് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പഠനയാത്രയുടെ ഭാഗമായി മൂന്നാറിലേക്ക് സ്കൂളിൽ നിന്ന് ട്രിപ്പ് പോയിരുന്നു , ഈ സമയത്ത് കുട്ടി പൂളിലിറങ്ങി കുളിച്ചിരുന്നു ഇതാവാം രോഗബാധയ്ക്ക് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.

ഒരു വ്യക്തിയുടെ ശരീരത്തിൽ അമീബ പ്രവേശിച്ചാൽ അഞ്ച് ദിവസം കൊണ്ട് രോഗലക്ഷണങ്ങൾ കാണുകയും, വളരെ പെട്ടെന്ന് തന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യും. എന്നാൽ മരിച്ച കുട്ടിയുടെ സ്ഥിതി വ്യത്യസ്തമായിരുന്നു . ശരീരത്തിൽ പ്രവേശിച്ച അമീബ മൂന്നര മാസം കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. ജനുവരി 28 നാണ് കുട്ടി യാത്രക്ക് പോയത്. മെയ് എട്ടിനാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. പരിശോധനയിലാണ് മരണകാരണം അത്യപൂർവ്വ അമീബയാണെന്ന് തിരിച്ചറിഞ്ഞത്. നട്ടെല്ലില്‍ നിന്നുള്ള നീരെടുത്ത് പരിശോധന നടത്തിയപ്പോഴാണ് അമീബിക് ട്രോഫോ സോയിഡ്സ് കാണപ്പെട്ടത്.