കെജ്രിവാളിന് തിരിച്ചടി, ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ

ദില്ലി: മദ്യനയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ലഭിച്ച ജാമ്യത്തിന് താത്കാലിക സ്റ്റേ. ദില്ലി ഹൈക്കോടതിയാണ്
ഇഡിയുടെ തടസ്സ ഹർജി അടിയന്തിരമായി കേൾക്കുന്നതിന് സ്റ്റേ അനുവദിച്ചത്. ഹർജി കേൾക്കുന്നത് വരെയാണ് സ്റ്റേ നൽകിയിരിക്കുന്നത്. ജാമ്യം നല്‍കിയ കീഴ്ക്കോടതി ഉത്തരവ് തത്കാലം പ്രാബല്യത്തിൽ വരില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി

കെജരിവാളിന് ജാമ്യം നല്‍കിയതിനെതിരെ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ഇഡിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. വാദിക്കാന്‍ പോലും അനുവദിച്ചില്ല, അപ്പീല്‍ നല്‍കാന്‍ 48 മണിക്കൂര്‍ സമയത്തേക്ക് ജാമ്യം നല്‍കിയത് സ്റ്റേ ചെയ്യണമെന്ന ആവശ്യം പോലും കോടതി അംഗീകരിച്ചില്ലെന്ന് ഇഡി അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ജാമ്യ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്

അറസ്റ്റിലായി 91 ദിവസത്തിന് ശേഷമാണ് ദില്ലി മുഖ്യമന്ത്രിക്ക് ഇന്നലെ റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങുന്ന കെജ്രിവാളിന് വൻ സ്വീകരണം നൽകാനുള്ള ഒരുക്കത്തിലായിരുന്നു എഎപി പ്രവർത്തകർ. ജാമ്യം നല്‍കിയ കോടതി നടപടി സത്യത്തിന്റെ വിജയമാണെന്നായിരുന്നു എഎപി നേതാക്കളുടെ  പ്രതികരണം