കണ്ണൂരില്‍ ജൂണ്‍ 23 ന് ഒളിമ്പിക് റണ്ണും ഒളിമ്പിക്‌സ് ദിനാഘോഷവും

ഒളിമ്പിക്‌സ് ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെയും ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെയും ആഭിമുഖ്യത്തില്‍ ജൂൺ 23ന് രാവിലെ ഒളിമ്പിക് റൺ സംഘടിപ്പിക്കുമെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ ഡോ. എൻ.കെ. സൂരജും കൺവീനർ ഡോ. പി.കെ. ജഗന്നാഥനും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജവഹർ സ്റ്റേഡിയത്തിൽ രാവിലെ 9 മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യും. എം.പിമാർ, എം.എൽ.എ മാർ മറ്റ് ജനപ്രതിനിധികൾ, കായികതാരങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ജില്ലയിലെ കായിക താരങ്ങളെ ആദരിക്കൽ ചടങ്ങും സമ്മർ കോച്ചിങ്ങ് ക്യാമ്പിൻ്റെ സർട്ടിഫിക്കറ്റ് വിതരണവും നടക്കും.ഒളിമ്പിക്‌സ് ദിനാചരണ സെൽഫി പോയിൻ്റിന്റെ ഉദ്ഘാടനം 21ന് 4 മണിക്ക് ജവഹർ സ്റ്റേഡിയത്തിലെ ഒളിമ്പ്യൻ സി.കെ. ലക്‌ഷമണൻ്റെ പ്രതിമയ്ക്ക് സമീപം നടക്കും. ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം നിർവഹിക്കും.

2024 ലെ പാരീസ് ഒളിംപിക്സിനെ വരവേറ്റും ഒളിമ്പിക് ദിനാഘോഷത്തിന്‍റെ ഭാഗമായും
ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 18 മുതൽ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ പരിപാടികൾ നടന്നു വരികയാണ്

കണ്ണൂര്‍ പ്രസ് ക്ളബ്ബില്‍ നടന്ന വാർത്താ സമ്മേളനത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.കെ. പവിത്രൻ മാസ്റ്റർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ ഡോ. എൻ.കെ. സൂരജ്, കൺവീനർ ഡോ. പി.കെ. ജഗന്നാഥൻ തുടങ്ങിയവര്‍ പങ്കെടുത്തു