ആലപ്പുഴ; പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിൽ പോകാൻ കഴിയാതെ നിലവിളിച്ച അതിഥി തൊഴിലാളിയായ യുവതിക്ക് രക്ഷകയായി ആശാവർക്കർ. കഴിഞ്ഞ ദിവസം രാത്രിയാണ് വീയപുരം മൂന്നാം വാർഡിൽ കട്ടകുഴിപാടത്തിന്റേയും അച്ചൻകോവിലാറിന്‍റേയും ഓരത്തുള്ള ചിറയിൽ അഞ്ച് വർഷമായി താമസിക്കുന്ന മൈസൂർ സ്വദേശിയായ സരിത(25)ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ആശുപത്രിയിലെത്തിക്കാൻ മറ്റ് വഴികൾ ഒന്നും ഇല്ലാതായതോടെ സരിതയുടെ ഭർത്താവ് ആശാ വർക്കാറായ ഓമനയെ വിവരമറിയിച്ചു. ഉടൻ ഓമന തന്‍റെ ജ്യേഷ്ഠന്റെ മകൻ ബിജുവിനെയും കൂട്ടി സരിതയുടെ, സുരക്ഷയില്ലാത്ത, ചോര്‍ന്നൊലിക്കുന്ന വീട്ടിലെത്തി
ഇരുവരും ചേര്‍ന്നു വേദനകൊണ്ട് പുളഞ്ഞ സരിതയെ ചെറു വള്ളത്തിൽ കയറ്റി വള്ളം തുഴഞ്ഞ് മെയിൻ റോഡിൽ എത്തിച്ചു. പിന്നീട് ആംബുലൻസിൽ കയറ്റി ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തി. പത്ത് മിനിറ്റുള്ളിൽ സരിത ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. മണിക്കുറുകളോളം സരിതയ്ക്കൊപ്പം ആശുപത്രിയിൽ കഴിഞ്ഞ ഓമന, പുലർച്ചെ ആംബുലൻസിൽ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് വീട്ടുകാര്‍ പോലും ഇക്കാര്യം അറിയുന്നത്
സരിത ഗർഭിണിയായി മൂന്നാം മാസം മുതൽ ഹരിപ്പാട് താലൂക്കാശുപത്രിയിൽ ചെക്കപ്പ് നടത്തുന്നതിന് കൂടെ പോയിരുന്നത് ഓമനയായിരുന്നു. സരിതയെ ചികിത്സിച്ചിരുന്ന താലൂക്കാശുപത്രിയിലെ ഡോക്ടർ അവധിയായതിനാൽ ഇവരെ നേരിട്ട് മെഡിക്കല്‍ കോളജിൽ എത്തിക്കുകയായിരുന്നുവെന്ന് ഓമന പറഞ്ഞു
സരിതക്ക് തുണയായെത്തിയ ഓമനെയെ ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യകേന്ദ്രം തുടങ്ങിയവരുടെ നേതൃത്വത്തിൽ ആദരിച്ചു