കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവത്തില്‍ പ്രതിപക്ഷം രംഗത്ത്. വിഷയം നിയമസഭയിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ബോംബ് സ്ഫോടനം തുടർക്കഥയാകുമ്പോൾ പോലീസ് നോക്കുകുത്തിയായി മാറുന്നെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്
അതേ സമയം അന്വേഷണം ഊർജിതമാക്കുന്നതോടൊപ്പം സംഘർഷ സാധ്യത മേഖലകളിൽ പരിശോധന നടത്താനുമാണ് പോലീസിന്‍റെ തീരുമാനം. തലശ്ശേരി, പാനൂർ, മട്ടന്നൂർ, ചൊക്ലി എന്നിവിടങ്ങളിൽ പൊലീസ് പ്രത്യേക പരിശോധനയും നടത്തും
സംഭവ സ്ഥലത്ത് ബോംബ് എങ്ങനെ എത്തിയെന്ന അന്വേഷണമാണ് ഇപ്പോൾ പൊലീസ് നടത്തുന്നത്. ബോംബ് സ്‌ക്വാഡ് പറമ്പിലും വീട്ടിലും പരിശോധന നടത്തിയെങ്കിലും കൂടുതൽ സ്ഫോടക വസ്തുക്കൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല
തേങ്ങ പെറുക്കാൻ പോയ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ലഭിച്ച സ്റ്റീൽ പാത്രം തുറക്കാൻ ശ്രമിച്ചപ്പോഴാണ് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് ഇന്നലെ എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധൻ മരിച്ചത്. അതിനിടെ ബോംബ് സൂക്ഷിച്ചത് സിപിഎം അറിവൊടെയെന്നാണ് ബിജെപിയും കോൺഗ്രസും ആരോപിക്കുന്നത്.
ആരെയോ ലക്ഷ്യമിട്ട് ആരോ നിർമിച്ച ബോംബിന് നിരപരാധികൾ ഇരയാകുന്ന ക്രൂരത കണ്ണൂരിന്റെ മണ്ണിൽ ആവർത്തിക്കുകയാണ്.