ബെന്യാമിന്റെ ആട് ജീവിതം വായനക്കാരുടെ ഹൃദയത്തെ അഗാധമായി സ്പർശിച്ച നോവലായിരുന്നു. നോവൽ സിനിമയായി മാറിയപ്പോഴും ഇരു കെെയും നീട്ടിയാണ് സ്വീകരിച്ചത്. ആട് ജീവിതം സിനിമയായപ്പോൾ പ്രായ ഭേദമന്യേ എല്ലാവരിലേക്കും നജീബും നജീബ് അനുഭവിച്ച ജീവിതവും എത്തി. എന്നാൽ ഇപ്പോൾ ആട് ജീവിതത്തിന്റെ തിരക്കഥ വെറും പത്ത് വരിയിൽ എഴുതിയ പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
കോഴിക്കോട് മന്തരത്തൂർ എം. എൽ.പി സ്കൂൾ വിദ്യാർത്ഥിനിയായ നന്മ തേജസ്വിനിയാണ്10 വരിയിൽ തന്റെ നോട്ട് ബുക്കിൽ ആട് ജീവിതത്തിന്റെ കഥ കുറിച്ചിട്ടത്. നന്മയുടെ ആട് ജീവിതത്തിന്റെ കഥ എഴുതിയ നോട്ടുബുക്കിന്റെ ചിത്രം ബെന്യാമിൻ സോഷ്യൽ മീഡിയയില്‍ പങ്ക് വച്ചിരിക്കുകയാണ്. ” ഇത്രേ ഉള്ളൂ ” എന്ന അടിക്കുറിപ്പോടെയാണ് ബെന്യാമിൻ ചിത്രം പങ്കു വച്ചത്.
”ഒരു ദിവസം നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു, ഒരുനാള്‍ നജീബ് ദുബായിൽ പോയി, അവിടത്തെ അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു. കുറെ വർഷങ്ങൾ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാൻ ഒരാള്‍ വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്മാനെ… പെരിയോനേ റഹീം..”
ഇങ്ങനെയാണ് നന്മ എഴുതിയ ആടു ജീവിതത്തിന്റെ
രസകരമായ കഥ.
അവധിക്കാലത്ത് കണ്ട സിനിമയെക്കുറിച്ച് എഴുതാൻ അധ്യാപകൻ ശ്രീജിത്ത് ചാലിൽ അവധി കഴിഞ്ഞു വന്ന കുട്ടികളോട് പറഞ്ഞു. തുടർന്നാണ് നന്മയുടെ പത്ത് വരിയിലെ ആട് ജീവിതത്തിൻറെ കഥ പിറക്കുന്നത്.
നന്മയുടെ കുറിപ്പ് അധ്യാപകനായ ശ്രീജിത്ത് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടാണ് ബെന്യാമിനും സ്വന്തം പേജിൽ നന്മയുടെ കുറുപ്പിന്റെ ചിത്രം പങ്കുവെച്ചത്
കണ്ട ഒരു സിനിമയെക്കുറിച്ച് കുറിപ്പെഴുതാൻ ആയിരുന്നു അധ്യാപകൻ കുട്ടികളോട് നിർദ്ദേശിച്ചത്. എന്നാൽ സംഘർഷ ഭരിതമായ ഒരുപാട് ഭാഗങ്ങൾ ചിത്രത്തിൽ ഉള്ളതിനാൽ ആടുജീവിതം നന്മയെ മാതാപിതാക്കൾ കാണിച്ചിരുന്നില്ല. പക്ഷേ സോഷ്യൽ മീഡിയയിൽ കണ്ട സിനിമയുടെ ഭാഗങ്ങളും അതിലെ പാട്ടുകളും നന്മയ്ക് ഇഷ്ടമായി. ഇത് കൂടാതെ അമ്മ കഥയുടെ ഓരോ ഭാഗങ്ങൾ വിശദീകരിച്ചു കൊടുക്കുകയും ചെയ്തതോടെ നന്മയുടെ കഥ റെഡി. ചെരണ്ടത്തൂരിലെ സുനിൽ ആശാലത ദമ്പതികളുടെ മകളാണ് ഈ കൊച്ചു മിടുക്കി.