റീൽസ് ചിത്രീകരണം; കാര്‍ മറിഞ്ഞ് 23 കാരി മരിച്ചു

റീൽസ് ചിത്രീകരണത്തിനിടയിൽ കാർ അപകടത്തിൽപ്പെട്ട് 23കാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ വെച്ച് 23 കാരിയായ ശ്വേത സുർവാസെയാണു മരിച്ചത്. എങ്ങനെ ഡ്രൈവ് ചെയ്യണം എന്നതിനെക്കുറിച്ചുള്ള റീൽസ് എടുക്കുന്നതിനിടയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ കൈവരിയും തകർത്ത് 300 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.

റിവേഴ്സ് ഗിയറിൽ വാഹനം ഓടിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് അപകടം സംഭവിച്ചത്. ആക്സിലേറ്ററിൽ അറിയാതെ കാൽ ശക്തിയായി ചവിട്ടിയതാണ് അപകടത്തിന് ഇടയാക്കിയത്. റിവേഴ്സ് ഗിയറിലായിരുന്ന കാര്‍ നിയന്ത്രണം വിട്ടു മറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ശ്വേതയുടെ സുഹൃത്ത് ആയിരുന്നു ഈ സമയം റീൽസ് ക്യാമറയിൽ പകർത്തി കൊണ്ടിരുന്നത്. അപകടത്തെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്