കാഫിര്‍ സ്‌ക്രീന്‍ഷോട്ടില്‍ ലതികയ്‌ക്കെതിരെ കേസെടുക്കില്ല

കോഴിക്കോട്: വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിൽ സിപിഎം നേതാവ് കെ കെ ലതികക്കെതിരെ കേസെടുക്കില്ലെന്ന് സൂചന. സ്‌ക്രീന്‍ഷോട്ടിന്റെ നിര്‍മാണത്തില്‍ ലതികക്ക് പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
ഈ സാഹചര്യത്തില്‍ ലതികയെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്.
കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് DGPക്ക് പരാതി നല്‍കിയിട്ടുമുണ്ട്

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കെ.കെ ലതിക ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ലതിക ഫേസ്ബുക്ക്‌പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. ലതികയുടെ ഫോണ്‍ പരിശോധിച്ച് പൊലീസ് മഹ്‌സര്‍ തയ്യാറാക്കുകയും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.

കേസില്‍ കാഫിര്‍ പരാമര്‍ശം ഉള്‍പ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡല്‍ ഓഫീസറെ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇതുവരെ 12 പേരുടെ മൊഴി രേഖപ്പെടുത്തി. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍, ചെങ്കതിര്‍ തുടങ്ങിയ ഫേസ്ബുക് പ്രൊഫൈലുകള്‍ക്ക് എതിരെയാണ് അന്വേഷണം. ഈ പേജുകളിലാണ് വ്യാജ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം