ബ്രിട്ടീഷ് വ്യവസായിക്കാണ് അമളി പറ്റിയത്. ഐ മെസേജസ് ആപ്പിലൂടെ ലൈംഗിക തൊഴിലാളികളുമായി നടത്തിയ ചാറ്റിലെ സന്ദേശങ്ങള്‍ വ്യവസായി നീക്കം ചെയ്തിരുന്നു. പക്ഷെ വ്യവസായിയുടെ ഭാര്യ സന്ദേശങ്ങൾ കണ്ടെത്തുകയും വിവാഹ മോചനത്തിലേക്ക് കടക്കുകയുമായിരുന്നു. ഐ ഫോണിൽ നിന്ന് അയച്ച സന്ദേശങ്ങൾ നീക്കം ചെയ്തിട്ടും ആപ്പിൾ ഐഡിയിലെ ഉപകരണങ്ങൾ തമ്മിൽ സിങ്ക് ചെയ്യുന്നതിനാൽ മെസ്സേജുകൾ
ഐ മാക്കിൽ കാണാൻ സാധിക്കുന്നതിനെ തുടർന്നാണ് ആപ്പിളിനെതിരെ കേസുമായി ബ്രിട്ടീഷ് വ്യവസായി രംഗത്തെത്തിയത്.
ലൈംഗിക തൊഴിലാളികളുമായി ഐ മെസേജസിലൂടെ വ്യവസായി ചാറ്റ് നടത്താറുണ്ടായിരുന്നു. സന്ദേശങ്ങൾ അയച്ചതിന് ശേഷം ആരും അറിയാതിരിക്കാൻ പെർമനന്റ് ഡിലീറ്റും ചെയ്യാറുണ്ടായിരുന്നു. പക്ഷേ ഒരേ ഐഡിയിൽ ബന്ധിപ്പിച്ച ഐമാക്ക് വീട്ടിലുണ്ടായിരുന്നു , അതാണ് കാര്യങ്ങൾ കൈവിട്ടു പോകാൻ കാരണമായത്. ആപ്പിൾ ഐഡിയിൽ ഉപകരണങ്ങൾ തമ്മിൽ സിങ്ക് ചെയ്യുന്നതിതാൽ ഐഫോണിലെ ഐ മെസേജസ് ആപ്പിൽ അയക്കുന്ന സന്ദേശങ്ങൾ എല്ലാം ഐമാക്കിലും കാണാൻ കഴിയും. സന്ദേശമയച്ചതിന് ശേഷം ഐഫോണിൽ നിന്ന് സന്ദേശങ്ങൾ നീക്കം ചെയ്യുമ്പോൾ മറ്റ് ഉപകരണത്തിൽ നിന്നും നീക്കപ്പെടും എന്നായിരുന്നു വ്യവസായി കരുതിയത്. പക്ഷെ ഒരു ഉപകരണത്തിൽ നിന്ന് നീക്കം ചെയ്യുന്ന സന്ദേശം മറ്റു ഉപകരണങ്ങളിൽ നിന്നും നീക്കം ചെയ്യപ്പെടില്ല എന്ന സത്യം ആപ്പിൾ കമ്പനി ഉപഭോക്താക്കളെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പിളിനെതിരെ കേസ് കൊടുത്തത്.
വ്യവസായി അയച്ച സന്ദേശങ്ങൾ ഭാര്യ കണ്ടതിനെ തുടർന്ന് വിവാഹ മോചനത്തിലേക്ക് കടക്കുകയായിരുന്നു , ഇതിനായി 53 കോടിയോളം രൂപ ( 50 ലക്ഷം പൗണ്ട്) ചെലവാവുകയും ചെയ്തു. ഭാര്യയുടെ ശ്രദ്ധയിൽ സന്ദേശങ്ങൾ എത്തിയില്ലായിരുന്നുവെങ്കിൽ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ സാധിക്കുമായിരുന്നു എന്നാണ് വ്യവസായി പറയുന്നത്. തനിക്ക് നഷ്ടപരിഹാരമായി ആപ്പിൾ 50 ലക്ഷം പൗണ്ട് നൽകണമെന്ന് ആവശ്യപ്പെട്ടാണ് കേസ് കൊടുത്തിരിക്കുന്നത്