കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിയുടെ മകന്‍റെ വിവാഹച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത സംഭവത്തിൽ അന്വേഷണ സമിതി കെപിസിസി പ്രസിഡന്‍റിന് റിപ്പോർട്ട് കൈമാറി. വിവാഹത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. കല്യാണത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു
എന്നാൽ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉണ്ണിത്താനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയതോടെ വിവാദം കൊഴുത്തു. ഇതിനെ തുടർന്നാണ് കെപിസിസിസി അന്വേഷണ സമിതിയെ നിയോഗിച്ചത്.സമിതി അംഗങ്ങളായ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍.സുബ്രഹ്മണ്യന്‍, ജനറല്‍ സെക്രട്ടറി പി.എം നിയാസ് എന്നിവര്‍ കാസര്‍കോട്ടെത്തി മെയ് 29,30 തീയതികിളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി വേണമെന്നാണ് അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
അന്വേഷണ സമിതിയുടെ നേതൃത്വത്തില്‍ സമവായ സാധ്യതയ്ക്കുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ സമിതി തീരുമാനിച്ചത്. പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍റെ മകന്‍റെ വിവാഹ ചടങ്ങില്‍ ആണ് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത്