ആലപ്പുഴ: മന്ത്രി സജി ചെറിയാൻ എത്താൻ വൈകിയതിൽ പ്രതിഷേധിച്ച് മുൻ മന്ത്രി ജി. സുധാകരൻ പരിപാടിയിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. ഹരിപ്പാട് സംഘടിപ്പിച്ച സി.ബി.സി വാര്യർ അനുസ്മരണ പരിപാടിയുടെ ഉദ്ഘാടകനായിരുന്നു മന്ത്രി സജി ചെറിയാൻ. എന്നാൽ മന്ത്രി എത്താൻ വൈകിയതോടെ പരിപാടി തുടങ്ങേണ്ട സമയം നീണ്ടു പോയി. ഒരു മണിക്കൂർ കഴിഞ്ഞിട്ടും മന്ത്രി എത്തിയില്ല. തുടർന്നാണ് ജി സുധാകരൻ പിണങ്ങിപ്പോയത്
ഇന്ന് രാവിലെ 10 മണിക്കായിരുന്നു ഉദ്ഘാടനം നിർവഹിക്കാൻ മന്ത്രി സജി ചെറിയാന്‍ എത്തേണ്ടിയിരുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറിനെയും പരിപാടിയിൽ പങ്കെടുക്കുവാൻ ക്ഷണിച്ചിരുന്നു. അദ്ദേഹവും എത്താന്‍ വൈകിയിരുന്നു.
10 മണിക്ക് മുമ്പു തന്നെ സുധാകരൻ സന്നിഹിതനായിട്ടും പരിപാടിയുടെ സംഘാടകരോ, പ്രവർത്തകരോ തുടങ്ങേണ്ട സമയം കഴിഞ്ഞിട്ടും എത്തിയിരുന്നില്ല. സമയം വൈകിട്ടും പരിപാടി തുടങ്ങാത്തതിൽ
ജി.സുധാകരൻ ജില്ലാ സെക്രട്ടറിയേറ്റ്, ഏരിയ കമ്മിറ്റി അംഗങ്ങളോട് തന്‍റെ അമർഷം പ്രകടിപ്പിച്ചിരുന്നു
സുധാകരനെ സംഘാടകര്‍ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ഔദ്യോഗിക തിരക്കുകൾ ഉള്ളതിനാൽ മന്ത്രി സജി ചെറിയാൻ എത്തില്ലെന്ന് സംഘാടകർ പിന്നീടാണ് അറിയിച്ചത്. അതേ സമയം താൻ വേദി വിട്ടിറങ്ങിയത് ചാരുംമൂട്ടിൽ നേരത്തെ നിശ്ചയിച്ച പരിപാടി ഉണ്ടായ തിനാലാണെന്നാണ് ജി സുധാകരൻ നൽകിയ വിശദീകരണം