തല മുണ്ഡനം ചെയ്ത് നടി രചന നാരായണന്‍കുട്ടി

മറിമായം എന്ന ടെലിവിഷൻ പ്രോ​ഗ്രാമിലൂടെ ശ്രദ്ധനേടിയ താരം രചന നാരായണന്‍കുട്ടി തല മുണ്ഡനം ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ രചന പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ പങ്കുവച്ചൊരു പോസ്റ്റും അതിന്റെ ക്യാപ്ഷനുമാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്.

തിരുപ്പതിയിലെ വെങ്കിടാചലപതി ക്ഷേത്രം സന്ദര്‍ശിച്ച വിശേഷം ആണ് രചന നാരായണൻകുട്ടി പങ്കുവച്ചിരിക്കുന്നത്. ഒപ്പം തല മുണ്ഡനം ചെയ്ത ചിത്രങ്ങളും താരം ഷെയർ ചെയ്തിട്ടുണ്ട്. തലയില്‍ ചന്ദനം പൂശി നെറ്റിയില്‍ കുറിയണിഞ്ഞ രചനയെ ഫോട്ടോയിൽ കാണാം. ‘ഗോവിന്ദാ…ഗോവിന്ദാ…എന്നെ സമര്‍പ്പിക്കുന്നു. അഹംഭാവത്തിൽ നിന്ന് മുക്തി നേടുന്നു. ഭഗവാന്റെ സന്നിധിയില്‍’ എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം രചന കുറിച്ചിരിക്കുന്നത്. നിലവിൽ അഭിനയത്തിൽ സജീവമായ രചന താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രവർത്തിക്കുകയാണ്. 2001ൽ തീർത്ഥാടനം എന്ന സിനിമയിലൂടെ ആണ് രചന നാരായണൻകുട്ടി വെള്ളിത്തിരയിൽ എത്തുന്നത്. സിനിമയ്ക്ക് പുറമെ ഐസിയു , അവളുടെ കണ്ണിലൂടെ , വിപരീതം,വഴുതന, മൂന്നാമിടം തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലും രചന നാരായണൻകുട്ടി അഭിനയിച്ചിട്ടുണ്ട്.