യൂറോ കപ്പ് ഫുട്ബോളിനു നാളെയും കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിന് 21നും ആദ്യ വിസിൽ

യൂറോ കപ്പ് ഫുട്ബോളിനു നാളെയും കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിന് 21നും ആദ്യ വിസിൽ മുഴങ്ങുമ്പോൾ ലോകം ഒരു ‘മിനി ലോകകപ്പി’ന്റെ ആരവങ്ങളിലമരും. ജർമനിയാണു യൂറോ കപ്പിന്റെ വേദി. കോപ്പ അമേരിക്കയുടെ ആതിഥേയർ യുഎസ്എയും. മത്സരങ്ങൾ സോണി സ്പോർട്സ് ചാനലുകളിലും സോണി ലിവ് ആപ്പിലും തൽസമയം. യൂറോകപ്പ് മത്സരങ്ങൾ ഇന്ത്യൻ സമയം വൈകിട്ടും അർധരാത്രിയുമാണ്. കോപ്പ അമേരിക്ക പുലർച്ചെയും രാവിലെയുമായാണ്.

യൂറോ @ ജർമനി

ഫിഫയുടെ ലോകറാങ്കിങ്ങിലെ ആദ്യ 30 ടീമുകളിൽ 15 ടീമുകൾ പങ്കെടുക്കുന്നുണ്ട് എന്നതു തന്നെ യൂറോ 2024ന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇറ്റലിയാണു നിലവിലെ ജേതാക്കൾ. ജൂൺ 14 മുതൽ ജൂലൈ 14 വരെയാണു ചാംപ്യൻഷിപ്. 26 വരെ ഗ്രൂപ്പ് ഘട്ടം. 29 മുതൽ നോക്കൗട്ട് ഘട്ടം. ഉദ്ഘാടന മത്സരം ഇന്ത്യൻ സമയം നാളെ രാത്രി 12.30ന് ജർമനിയും സ്കോട്‌ലൻഡും തമ്മിൽ. ഫൈനൽ ജൂലൈ 14ന് ബർലിനിലെ ഒളിംപിക് സ്റ്റേഡിയത്തിൽ. 4 ടീമുകൾ അടങ്ങുന്ന 6 ഗ്രൂപ്പുകളായാണു ലീഗ് മത്സരം. 6 ഗ്രൂപ്പുകളിലെയും ഒന്നും രണ്ടും സ്ഥാനക്കാരും എല്ലാ ഗ്രൂപ്പിൽ നിന്നുമായി മികച്ച 4 മൂന്നാം സ്ഥാനക്കാരും പ്രീക്വാർട്ടറിലെത്തും.

കോപ്പ @ യുഎസ്എ

ജൂൺ 21ന് അറ്റ്‌ലാന്റയിലെ മെഴ്സിഡീസ് ബെൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ അർജന്റീനയും കാനഡയും ഏറ്റുമുട്ടും. മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ജൂലൈ 15നാണ് ഫൈനൽ. നാലു ടീമുകൾ അടങ്ങുന്ന 4 ഗ്രൂപ്പുകളായിട്ടാണ് പ്രാഥമിക മത്സരം. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ 2 സ്ഥാനക്കാർ നോക്കൗട്ട് ഘട്ടത്തിലെത്തും.