മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ രണ്ട് ദിവസമെടുക്കും, 9 ഇന്ത്യക്കാരുടെ നില ഗുരുതരം: നോര്‍ക്ക

തിരുവനന്തപുരം: കുവൈത്തിലെ അഹ്‌മദി ഗവര്‍ണറേറ്റിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ രണ്ടു ദിവസമെങ്കിലും എടുക്കുമെന്നു നോര്‍ക്ക. കുവൈത്ത് സര്‍ക്കാര്‍ പരമാവധി സഹകരണം നല്‍കുന്നുണ്ട്. തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന ആറുനിലക്കെട്ടിടത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 49 പേരാണു മരിച്ചത്. മരിച്ചവരില്‍ നിരവധി മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ചികിത്സയിലുള്ള 35 പേരില്‍ 9 പേരുടെ നില ഗുരുതരമാണ്. തെക്കന്‍ കുവൈത്തില്‍ അഹ്‌മദി ഗവര്‍ണറേറ്റിലെ മംഗഫില്‍ വിദേശ തൊഴിലാളികള്‍ പാര്‍ക്കുന്ന മേഖലയിലാണ് തീപിടിത്തമുണ്ടായ കെട്ടിടം.

ഒന്‍പത് ഇന്ത്യക്കാരാണ് അത്യാസന്ന നിലയില്‍ ആശുപത്രിയിലുള്ളത്. രണ്ട് ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നതായും നോര്‍ക്ക സിഇഒ അജിത് പറഞ്ഞു. ”നോര്‍ക്കയ്ക്കു രണ്ട് ഹെല്‍പ്പ് ഡെസ്‌കുകളാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ നോര്‍ക്കയുടെ ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെന്ററിലെ ഹെല്‍പ്പ് ഡെസ്‌ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. നോര്‍ക്കയുടെ ടോള്‍ ഫ്രീ നമ്പരാണിത്. കുവൈത്തില്‍ വിവിധ അസോസിയേഷനുകളുടെ സഹായത്തോടെ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രണ്ടു ഡെസ്‌കുകളും വിവരം പരസ്പരം കൈമാറുന്നു. എട്ടോളം പേര്‍ കുവൈത്തിലെ ഹെല്‍പ്പ് ഡെസ്‌കിലുണ്ട്. ഇവര്‍ മോര്‍ച്ചറിയിലും, ആശുപത്രിയിലും മറ്റു സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്നു. ഒന്‍പതോളംപേര്‍ അത്യാസന്ന നിലയില്‍ ആശുപത്രിയിലുണ്ട്. ചിലര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ചിലര്‍ ആശുപത്രിവിട്ടു. മരിച്ചവരുടെ മൃതശരീരം കമ്പനിയാണ് തിരിച്ചറിയേണ്ടത്”- നോര്‍ക്ക സിഇഒ പറഞ്ഞു.

”കമ്പനി തിരച്ചറിഞ്ഞാലേ ഔദ്യോഗികമായി മരണം സ്ഥിരീകരിക്കൂ. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് കുവൈത്തില്‍ ആരംഭിക്കും. നടപടികള്‍ പൂര്‍ത്തിയാകാന്‍ കുറഞ്ഞത് രണ്ടു ദിവസമെടുക്കും. ഇടയ്ക്ക് അവധി വരുന്നുണ്ട്. കുവൈത്ത് സര്‍ക്കാര്‍ പരമാവധി സഹകരിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് നോര്‍ക്ക പ്രവര്‍ത്തിക്കുന്നു. എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നു. പരുക്കേറ്റവരെ നാട്ടിലെത്തിക്കുന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും”-നോര്‍ക്ക സിഇഒ വ്യക്തമാക്കി.